തിരുവനന്തപുരം: ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം സംബന്ധിച്ച ഖാദർകമ്മിറ്റി റിപ്പോർട്ട് അടുത്ത അധ്യയനവർഷത്തിനുമുന്നോടിയായി നടപ്പാക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. മേഖലാതലചർച്ചകൾ നടത്തി ഇതിനാവശ്യമായ പ്രത്യേക ചട്ടങ്ങൾ രൂപവത്കരിക്കാനാണ് ആലോചിക്കുന്നത്. അതേസമയം റിപ്പോർട്ട് നടപ്പാക്കുന്നതോടെ അധ്യാപകതസ്തികകളിൽ ഏറ്റവുംകുറഞ്ഞത് 20 ശതമാനത്തോളം കുറവുവരുമെന്നതടക്കമുള്ള ആശങ്കകളുമായി അധ്യാപകരും മാനേജ്‌മെന്റുകളും രംഗത്തുവന്നിട്ടുണ്ട്.

അധ്യപകർക്ക്‌ പ്രൈമറിതലത്തിൽ (ഒന്നുമുതൽ ഏഴുവരെ) ബിരുദം അടിസ്ഥാനയോഗ്യതയാകണമെന്നാണ് കമ്മിറ്റി ശുപാർശ. ബിരുദനിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും ആവശ്യമാണ്. സെക്കൻഡറിതലത്തിൽ ബിരുദാന്തരബിരുദം അടിസ്ഥാനയോഗ്യതയും ബിരുദനിലവാരത്തിലുള്ള പ്രൊഫഷണൽ യോഗ്യതയും വേണമെന്നാണ് ശുപാർശ.

ഇതോടെ ബിരുദാനന്തരബിരുദമില്ലാത്ത നിലവിലെ ഹൈസ്കൂൾ അധ്യാപകർ പ്രൈമറിവിഭാഗത്തിലേക്ക്‌ തരംതാഴ്ത്തപ്പെടുമെന്നാണ് പ്രതിപക്ഷസംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. എച്ച്.എസ്.ടി., എച്ച്.എസ്.എസ്.ടി. തസ്തികകൾ ഏകീകരിക്കപ്പെടുന്നതോടെ അധ്യാപകരുടെ ജോലിഭാരം ആഴ്ചയിൽ 28 പീരിയഡായി നിജപ്പെടുത്തും. ബി.ആർ.സി. തലത്തിൽ സ്കൂളുകളെ ക്ലസ്റ്ററായി പരിഗണിക്കുകയും അധ്യാപകതസ്തികകൾ പൊതു റിസോഴ്‌സ് ആയി മാറുകയുംചെയ്യും. സെക്കൻഡറിവിഭാഗത്തിലും പ്രൈമറിതലത്തിലും നിലവിലുള്ള തസ്തികകൾ അധികതസ്തികയായി മാറുകയും 14 പീരിയഡിൽ കുറവുള്ളവർ പാർട്ട്‌ ടൈം ആവുകയും ചെയ്യുമെന്നാണ് സംഘടനകൾ പറയുന്നത്.

ഖാദർകമ്മിറ്റി റിപ്പോർട്ടിന്റെ ഒന്നാംഭാഗം ശുപാർശചെയ്യുന്ന ഡയറക്ടറേറ്റുകളുടെ ലയനം മാത്രമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. പ്രിൻസിപ്പൽമാർക്ക് സ്കൂളിന്റെ പൂർണചുമതല ലഭിക്കുകയും ഹെഡ്മാസ്റ്റർമാരെ വൈസ് പ്രിൻസിപ്പൽമാരാക്കുകയും ചെയ്യുന്നതടക്കമുള്ള ശുപാർശകളാണ് അവശേഷിക്കുന്നത്. ഇത്തരം ശുപാർശകളിലാണ് പ്രതിപക്ഷ അധ്യാപകസംഘടനകളും എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുകളും സർക്കാരിനെ ആശങ്ക അറിയിച്ചിട്ടുള്ളത്. എയ്ഡഡ് സ്കൂൾ വിദ്യാഭ്യാസത്തെ തകർക്കുന്നതാണ് ഖാദർകമ്മിറ്റി ശുപാർശകളെന്ന് മാനേജ്‌മെന്റുകളും ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, സ്കൂളുകളിൽ ഭരണപരമായ മികവും മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളും അക്കാദമിക് രംഗത്തെ മാറ്റവും ഉദ്ദേശിച്ചുള്ളതാണ് റിപ്പോർട്ടിലെ ശുപാർശകളെന്ന് ഭരണാനുകൂലസംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസഘടകങ്ങൾ പരസ്പരം ലയിപ്പിക്കുന്നകാര്യം റിപ്പോർട്ട് പരാമർശിക്കുന്നില്ലെന്നും അവർ പറയുന്നു.