പെട്ടിമുടി(മൂന്നാർ): ലയങ്ങളിലെ ദുരിതങ്ങളും തങ്ങളുടെ ‘മാടു ജീവിത’വും മുഖ്യമന്ത്രിയോടു വിവരിക്കാൻ രാജമലയിൽ കാത്തുനിന്ന എസ്റ്റേറ്റ് തൊഴിലാളികളെ പോലീസ് തടഞ്ഞു. തങ്ങളെ കാണാതെ, കൈപോലും വീശാതെ കടന്നുപോയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു പിന്നാലെ ജീപ്പിൽ തൊഴിലാളികൾ മൂന്നാറിലെത്തിയെങ്കിലും അവിടേയും കാണാനായില്ല. ഒടുവിൽ മാധ്യമപ്രവർത്തകരോട് കണ്ണീരോടെ ദുരിതങ്ങൾ വിവരിച്ച് അവർ തിരികെ പോയി; വിശക്കുന്ന വയറോടെ.
മുഖ്യമന്ത്രിയും ഗവർണറും തിരികെ പോകുമ്പോഴാണ് തൊഴിലാളികൾ കാത്തുനിന്നത്. അൻപതിലധികം തൊഴിലാളികളുണ്ടായിരുന്നു. വാഹനവ്യൂഹം എത്തിയപ്പോൾ പോലീസ് കൈകോർത്തുപിടിച്ച് തൊഴിലാളികളെ ബലമായി തടഞ്ഞുവെച്ചു. ഇവരെ ഗൗനിക്കാതെ വാഹനനിര കടന്നുപോയി. ഇതിന്റെ പേരിൽ യൂണിയൻ നേതാക്കളും സ്ത്രീകളും പോലീസിനോട് കയർത്തു. ബഹളം രൂക്ഷമായപ്പോൾ ജീപ്പിൽ കയറ്റി മൂന്നാറിലെത്തിച്ച് മുഖ്യമന്ത്രിയെ കാണാൻ അവസരം കൊടുക്കാമെന്നു പറഞ്ഞ് പോലീസ് അനുനയിപ്പിച്ചു.
ഒടുവിൽ മൂന്നാറിലെത്തിയപ്പോൾ വനിതാ പഞ്ചായത്തംഗം ശാന്തയെയും മറ്റൊരു സ്ത്രീയെയും കാണാൻ അനുവദിക്കാമെന്ന് പോലീസ് പറഞ്ഞു. പത്രസമ്മേളനം കഴിയുംവരെ കാത്തുനിന്നിട്ടും മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ ഓടിയിട്ടും ആ സ്ത്രീകൾക്ക് കാണാൻ അവസരം കിട്ടിയില്ല.
പെട്ടിമുടിയിൽ മുഖ്യമന്ത്രി എത്തിയപ്പോഴും അവിടെ നാട്ടുകാരെയോ മാധ്യമപ്രവർത്തകരെയോ അടുപ്പിച്ചില്ല. എന്നാൽ, മുഖ്യമന്ത്രിക്കു തൊട്ടുമുമ്പ് പെട്ടിമുടിയിലെത്തിയ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ എസ്റ്റേറ്റ് ഓഫീസിനു മുമ്പിൽ വാഹനം നിർത്തി തങ്ങളുടെ ദുരിതങ്ങൾ കേട്ടെന്ന് തൊഴിലാളികൾ പറയുന്നു.