തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്യമായ മാനദണ്ഡങ്ങൾ െവച്ചാണ് കോവിഡ് മരണം കണക്കാക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ.

ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരമുള്ള ഇന്റർനാഷണൽ ഗൈഡ്‌ലൈൻസ് ഫോർ ക്ലാരിഫിക്കേഷൻ ആൻഡ് ക്ലാസിഫിക്കേഷൻ ഓഫ് കോവിഡ്-19 ആസ് കോസ് ഓഫ് ഡെത്ത് എന്ന ഇന്റർനാഷണൽ ഗൈഡ് ലൈൻ അനുസരിച്ചാണ് ഇവിടെയും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. ഇതനുസരിച്ച് കോവിഡ് മൂർച്ഛിച്ച് അതുകാരണം അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണത്തിന്റെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ.

ഇക്കാര്യത്തിൽ സംസ്ഥാന ആരോഗ്യ വകുപ്പ്, സംസ്ഥാന മെഡിക്കൽ ബോർഡ്, ഇൻസ്റ്റിറ്റ്യൂഷൻ മെഡിക്കൽ ബോർഡ്, സ്റ്റേറ്റ് പ്രിവൻഷൻ ഓഫ് എപ്പിഡമിക് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് സെൽ എന്നിവരുടെ അംഗങ്ങളടങ്ങുന്ന ഡെത്ത്‌ ഓഡിറ്റ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പ്രാഥമിക പരിശോധനയിൽ കോവിഡ് പോസിറ്റീവായി സംശയിക്കപ്പെടുന്ന ഉടനെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. കോവിഡ് ബാധിച്ച ഒരാൾ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരിച്ചാൽ അതിനെ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തില്ല. കോവിഡിൽനിന്നു മുക്തിനേടിയ ശേഷമാണ് മരിക്കുന്നതെങ്കിൽ അത് കോവിഡ് മരണമായി കണക്കാക്കില്ല.

മരിച്ചനിലയിൽ കൊണ്ടുവരുന്ന മൃതദേഹത്തിൽനിന്നെടുത്ത സാംപിളുകളും കോവിഡ് പരിശോധനയ്ക്കായി അയക്കാറുണ്ട്. അതിൽപ്പോലും കോവിഡ് സ്ഥിരീകരിക്കുന്നവയെ പട്ടികയിൽ ചേർക്കാറുണ്ട്. ഇത് മറ്റുപല സംസ്ഥാനങ്ങളും ചെയ്യുന്നില്ല.

മരണകാരണം ആദ്യം നിശ്ചയിക്കുന്നത് ചികിത്സിക്കുന്ന ഡോക്ടറാണ്. ഇൻസ്റ്റിറ്റ്യൂഷൻ മെഡിക്കൽ ബോർഡ് ഇത് അംഗീകരിക്കുന്നു. എല്ലാ മരണങ്ങളുടേയും മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി സൂപ്രണ്ട് ഡെത്ത് ഓഡിറ്റ് കമ്മിറ്റി സ്റ്റേറ്റ് നോഡൽ ഓഫീസർക്ക് കൈമാറുന്നു. ഇത് വിലയിരുത്തിയാണ് ഡെത്ത് ഓഡിറ്റ് കമ്മിറ്റി കോവിഡ് മരണം കണക്കാക്കുന്നത് -മന്ത്രി പറഞ്ഞു.