തിരുവനന്തപുരം: ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടി(84)യുടെ മൃതദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്‌കാരം. സഹോദരപുത്രൻ ഗോപി കരിമുളയ്ക്കൽ ചിതയ്ക്കു തീകൊളുത്തി. ബുധനാഴ്ച രാത്രി 11ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തിരുമലയിലെ രേണുക നിവാസിൽ ഒരു മണിക്കൂർ മൃതദേഹം പൊതുദർശനത്തിനു വച്ചു. മേയർ കെ.ശ്രീകുമാർ, ഒ.രാജഗോപാൽ എം.എൽ.എ. തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ചുനക്കര രാമൻകുട്ടിയുടെ നിര്യാണം സാംസ്‌കാരിക കേരളത്തിനു കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച സാംസ്‌കാരിക പ്രഭാഷകൻകൂടിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും അനുശോചിച്ചു.