കൊച്ചി: പഞ്ചായത്ത്, മുനിസിപ്പൽ, ടൗൺ പ്ലാനിങ്, ഗ്രാമവികസന വകപ്പുകളിലെ ജീവനക്കാരെ ഏകീകൃത സർവീസാക്കാൻ തീരുമാനിച്ച് ജൂലായ് 17-ലെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞു. അതത് വകുപ്പുകളിലെ നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ വേണം ജീവനക്കാരുടെ സർവീസ് സംബന്ധമായ കാര്യങ്ങൾ നിയന്ത്രിക്കാനെന്നു നിർദേശിച്ചിട്ടുണ്ട്.

സർവീസ് ഏകീകരണത്തിനായി നടത്തുന്ന എല്ലാ നടപടികളും ട്രിബ്യൂണലിന്റെ അന്തിമവിധിക്കു വിധേയമായിരിക്കുമെന്നും ഇടക്കാല ഉത്തരവിലുണ്ട്. സ്‌റ്റേറ്റ് എംപ്ലോയീസ് യൂണിയൻ, കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ അടക്കമുള്ള സംഘടനകൾ നൽകിയ ഹർജിയിലാണിത്. മൂന്നാഴ്ചയ്ക്കകം സർക്കാർ മറുപടി സത്യവാങ്‌മൂലം നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. 14-ന് വീണ്ടും പരിഗണിക്കും.