ചാവക്കാട്: കടലിൽ 24 മണിക്കൂറിലേറെ തങ്ങി മീൻപിടിക്കരുതെന്ന നിബന്ധന ബോട്ടുകൾക്ക് തിരിച്ചടിയാവുന്നു. ബോട്ടുകാർ 20 മുതൽ 40 വരെ നോട്ടിക്കൽ ദൂരം പോയി മീൻപിടിക്കുന്നവരാണ്. ഇത്രയും ദൂരം കടലിൽ പോകുമ്പോൾ രണ്ടോ മൂന്നോ ദിവസം കടലിൽ തങ്ങേണ്ടിവരും. എന്നാൽ, തുറമുഖങ്ങളിലെയും ഫിഷ് ലാൻഡിങ് സെന്ററുകളിലെയും തിരക്ക് ഒഴിവാക്കാൻ മീൻ കിട്ടിയാലും ഇല്ലെങ്കിലും 24 മണിക്കൂറിനകം തിരിച്ചെത്തണമെന്നാണ് ഫിഷറീസ് വകുപ്പിന്റെ പുതിയ നിർദേശം. ഇത് ഇന്ധനച്ചെലവിലടക്കം വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ബോട്ടുടമകളുടെ ആക്ഷേപം.

മണിക്കൂറിന് 25 ലിറ്റർ ഡീസൽ

* കടലിൽ ഒരു മണിക്കൂർ ബോട്ട് ഓടാൻ 25 ലിറ്റർ ഡീസൽ വേണം.

* മണിക്കൂറിൽ ശരാശരി യാത്രചെയ്യുന്ന ദൂരം എട്ട് നോട്ടിക്കൽ മൈൽ.

* ഭൂരിഭാഗം ബോട്ടുകളും പോകുന്നത് 20 മുതൽ 40 വരെ നോട്ടിക്കൽ മൈൽ ദൂരം. (ഇത്രയും ദൂരം തിരിച്ചെത്താനും വേണം. അതായത്, 40 നോട്ടിക്കൽ മൈൽ പോകുന്ന ഒരു ബോട്ടിന് പോകാനും തിരിച്ചുവരാനും 10 മണിക്കൂർ വേണം. ബാക്കിയുള്ള 14 മണിക്കൂറിനുള്ളിൽ മത്സ്യബന്ധനം പൂർത്തിയാക്കണം.)

* മീനുമായി 24 മണിക്കൂറിനകം മടങ്ങേണ്ടിവരുന്നത് മത്സ്യലഭ്യത നോക്കി വലയിടാൻ തടസ്സം.

* ട്രോളിങ് നിരോധനത്തിനു മുമ്പ് ഡീസൽവില ലിറ്ററിന് 69 രൂപ. ഇപ്പോൾ 80-നടുത്ത്.

* 1000 ലിറ്റർ ഡീസൽ ഉപയോഗിക്കുന്ന ഒരു ബോട്ടിന് ഒറ്റത്തവണ മത്സ്യബന്ധനം നടത്തുമ്പോഴുണ്ടാകുന്ന നഷ്ടം 12,000 രൂപ.

* യാനങ്ങൾക്ക് ഒറ്റ, ഇരട്ട അക്ക നമ്പർ പ്രകാരം മത്സ്യബന്ധനം നടത്തുമ്പോൾ ആഴ്ചയിൽ മൂന്നുദിവസം മാത്രം പണി.

* ബോട്ടുകൾക്ക് നഷ്ടമില്ലാതെ മീൻ ലഭിക്കാൻ വേണ്ടത് കുറഞ്ഞത് മൂന്നുദിവസം.

മത്സ്യമേഖലയെ തകർക്കും

രണ്ടുദിവസമെങ്കിലും കടലിൽ തങ്ങി പണിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയ നഷ്ടമുണ്ടാവും. കടലിൽ തങ്ങി പണിയെടുക്കുമ്പോൾ വലിയതോതിൽ ഇന്ധനം ലാഭിക്കാനാവും. ആയിരം ലിറ്റർ ഡീസലടിക്കുന്ന ഒരു ബോട്ടിന് കടലിൽ തങ്ങി പണിയെടുക്കുമ്പോൾ 300 ലിറ്റർ ഡീസൽ വരെ ലാഭിക്കാനാവും. ഒറ്റ, ഇരട്ട അക്ക നമ്പർ നോക്കി പണിക്കുപോയാൽ ആഴ്ചയിൽ മൂന്നുദിവസമേ പണിയെടുക്കാനാവൂ.

-സിറാജ്, ബോട്ടുടമ, പൊന്നാനി ഹാർബർ