നെടുമ്പാശ്ശേരി: യു.എ.ഇ.യിലേക്കുള്ള വിമാനയാത്രയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിബന്ധനകൾ ലഘൂകരിച്ചു. ദുബായിലേക്കും മറ്റും 30 ദിവസത്തേക്കും മൂന്നുമാസത്തേക്കുമുള്ള സന്ദർശക വിസ അനുവദിച്ചുതുടങ്ങി. കോവിഡ് ചികിത്സയ്ക്കുള്ള ഇൻഷുറൻസ് എടുക്കണമെന്നു നിർബന്ധമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. യു.എ.ഇ.യിൽ എത്തിയാൽ 14 ദിവസം ക്വാറന്റീനിൽ കഴിയണം.

ഇന്ത്യയിൽനിന്ന് സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. ദുബായിലേക്കു പോകുന്നവർ ജി.ഡി.ആർ.എസ്.എ. സൈറ്റിലും യു.എ.ഇ.യിലെ മറ്റിടങ്ങളിലേക്കു പോകുന്നവർ ഐ.സി.എ. സൈറ്റിലും രജിസ്റ്റർചെയ്ത് അനുമതി വാങ്ങണമെന്ന് നേരത്തേ നിർദേശമുണ്ടായിരുന്നു. ഈ നിബന്ധന പിൻവലിച്ചതായാണ് ട്രാവൽ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്ന അറിയിപ്പ്. എന്നാൽ, തങ്ങൾക്ക് രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ചില വിമാനക്കമ്പനികൾ പറയുന്നത്.