വെള്ളരിക്കുണ്ട്: തന്റെ ഇഷ്ടജീവിതത്തിന് തടസ്സം നിൽക്കുന്നവരെ വകവരുത്താനുള്ള ആലോചനയിലായിരുന്നു കുറച്ചുനാളുകളായി ആൽബിനെന്ന്‌ പോലീസ്‌ പറഞ്ഞു. എലിവിഷം നേരിയ അളവിൽ കോഴിക്കറിയിൽ കലർത്തിയായിരുന്നു ആദ്യ ശ്രമം. അത് കഴിച്ച് സഹോദരി ഉൾപ്പെടെ മൂന്നുപേർക്കും നേരിയ ശാരീരിക അസ്വസ്ഥതകളുണ്ടായെങ്കിലും വിഷബാധയാണെന്നു മനസ്സിലായില്ല.

പിന്നീടാണ്‌ ഐസ്‌ക്രീമിലൂടെ കാര്യം നടത്താൻ തീരുമാനിച്ചത്‌. പത്താതരം കഴിഞ്ഞ് വൈദികവൃത്തി പഠിക്കാൻ സെമിനാരിയിൽപ്പോയ ആൽബിൻ ഒരുവർഷത്തിനുശേഷം അതുപേക്ഷിച്ച് തിരിച്ചുവന്നു. പഠനം നിർത്തി വഴിതെറ്റിയ ബന്ധങ്ങളിലൂടെ പോകുന്നത് പിതാവും മാതാവും ചോദ്യംചെയ്യുന്നതിൽ ആൽബിന് കടുത്ത ദേഷ്യമുണ്ടായിരുന്നു. ഏതാനും മാസംമുമ്പ്‌ തമിഴ്‌നാട്ടിലേക്കുപോയി. അവിടെ ഐ.ടി.ഐ. പഠനമാണെന്നാണ് നാട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ, കമ്പത്ത് ഹോട്ടലിൽ പണിയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. കോവിഡ് വ്യാപകമായതോടെ ഒന്നരമാസംമുന്പാണ് തിരിച്ചെത്തിയത്.