തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷകരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം വരെ 1,04,080 പേർ ക്യാപ് ഐ.ഡി. എടുത്തിട്ടുണ്ട്. 93,710 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കി.

അപേക്ഷകളിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് പ്രവേശന ഡയറക്ടർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അറിയിച്ചു. പേര്, ഫോൺ നമ്പർ, പ്ലസ്ടു രജിസ്റ്റർനമ്പർ എന്നിവ ഒഴികെയുള്ള തെറ്റുകൾ തിരുത്തുന്നതിന് കോളേജുകളിലെ പ്രവേശനവിഭാഗം നോഡൽ ഓഫീസർമാരെയാണ് ബന്ധപ്പെടേണ്ടത്. ഇതിനായി അപേക്ഷയിൽ നൽകിയ ഇ-മെയിൽ വിലാസത്തിൽനിന്ന് ക്യാപ് ഐ.ഡി., പേര്, ഫോൺ നമ്പർ, പ്ല്‌സ്ടു രജിസ്റ്റർ നമ്പർ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ അപേക്ഷ, എസ്.എസ്.എൽ.സി., പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം സ്കാൻചെയ്ത് നോഡൽ ഓഫീസർമാരുടെ ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. അപേക്ഷകൾ അൺലോക്ക് ചെയ്തതിനുശേഷം ഇ-മെയിൽവഴി മറുപടി അറിയിക്കും. തിരുത്തലുകൾക്ക് ശേഷം ഇവ വീണ്ടും സമർപ്പിക്കാം. നോഡൽ ഓഫീസർമാരുടെ ജില്ലാ അടിസ്ഥാനത്തിൽ ഉള്ള പട്ടികയും ഫോൺ നമ്പറുകളും http://cuonline.ac.in/ug/nodalofficer എന്ന ലിങ്കിൽ ലഭ്യമാണ്.

17 വരെയാണ് രജിസ്‌ട്രേഷന് സമയം. അലോട്ട്‌മെന്റ് സമയത്ത് കോളേജുകളിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കാനുള്ള സാധ്യതകൾ ചർച്ചചെയ്യാൻ ജില്ലാ തലത്തിൽ കോളേജ് പ്രിൻസിപ്പൽമാരുടെയും നോഡൽ ഓഫീസർമാരുടെയും യോഗം ഓൺലൈനായി ചേരും. പരീക്ഷയിലൂടെ പ്രവേശനം നൽകുന്ന കോഴ്സുകളുടെ പ്രവേശന രീതിമാറ്റം അതത് ഡിപ്പാർട്ട്മെന്റ് കൗൺസിലുകളുടെയും പഠന ബോർഡുകളുടെയും നിർദേശമനുസരിച്ചാക്കാനും തീരുമാനിച്ചു.