തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലുകളിലെയും ലോഡ്ജുകളിലെയും താമസം മതിയാക്കി മടങ്ങിയവർക്ക് ഉടമസ്ഥർ വാടകയിൽ ഇളവുനൽകും.

ലോക്‌ഡൗൺകാലത്ത് വീടുകളിലേക്കു മടങ്ങിയവരിൽനിന്നു വാടക ഈടാക്കുന്നത് തടഞ്ഞുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.

ലോക്‌ഡൗൺ പ്രഖ്യാപിച്ച മാർച്ച് മാസത്തിൽ ഹോസ്റ്റലുകളും ലോഡ്ജുകളും ഒഴിഞ്ഞ വിദ്യാർഥികളിലോ വ്യക്തികളിലോനിന്ന് വാടകയോ ഫീസോ ഈടാക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മാർച്ച് കഴിഞ്ഞുള്ള മാസങ്ങളിൽ ലോഡ്ജിലും ഹോസ്റ്റലുകളിലും തുടർച്ചയായി താമസിക്കാത്തവരിൽനിന്ന് 50 ശതമാനം വാടകയേ ഈടാക്കാവൂ.

ഇടയ്ക്ക് കുറച്ചു ദിവസങ്ങളിൽ മാത്രം താമസിക്കേണ്ടിവന്നവർക്കും ഇളവുണ്ട്. ഇങ്ങനെ താമസിച്ചവരിൽനിന്നു താമസിച്ച ദിവസങ്ങൾ മാത്രം കണക്കാക്കിയായിരിക്കണം വാടക ഈടാക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് നടപ്പാക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.