ആലപ്പുഴ: അതിഥി അധ്യാപക (ഗസ്റ്റ് ലക്ചറർ) നിയമനം നടക്കാതായതോടെ കോളേജുകളിൽ മാസങ്ങളായി ചില വിഷയങ്ങൾ പഠിപ്പിക്കാൻ ആളില്ല. ചില കോളേജുകളുടെ പി.ടി.എ.കൾ അതിഥി അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമായില്ല.

അതിഥി അധ്യാപക നിയമനം സംബന്ധിച്ച് സർക്കാർകോളേജുകൾക്കായി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. സ്ഥിരാധ്യാപകർ ഇല്ലാത്ത വിഷയങ്ങളിൽ ജോലിഭാരം കണക്കിലെടുത്ത് ഒരാളെ നിയമിക്കാനായിരുന്നു അനുമതി. സ്ഥിരം അധ്യാപകരുള്ള വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കരുത്. എന്നാൽ, കോളേജുകളിൽ ഒരുഅധ്യാപകൻ മാത്രമുള്ള വിഷയങ്ങളുണ്ട്. ഇവിടെ അതിഥി അധ്യാപക നിയമനം നടക്കാത്തതിനാൽ ഒരേ അധ്യാപകൻ വിവിധ ക്ലാസുകാർക്ക് തുടർച്ചയായി ഓൺലൈൻ ക്ലാസുകൾ എടുക്കേണ്ടിവരും.

എയ്ഡഡ് കോളേജുകൾ ഈ ഉത്തരവിന്റെ പരിധിയിൽ വരുന്നുമില്ല. അവയിൽ ചിലതാണ് പി.ടി.എ.യുടെ ശമ്പളത്തിൽ അതിഥി അധ്യാപകരെ നിയമിച്ചത്. സർക്കാർ പ്രതിദിനം 1250 രൂപയാണ് നൽകുന്നതെങ്കിലും മിക്ക പി.ടി.എ.കളും തുച്ഛമായ തുകയാണ് അതിഥി അധ്യാപകർക്ക് നൽകുന്നത്. പിന്നീട് സർക്കാർ അംഗീകാരം നൽകുമെന്ന പ്രതീക്ഷയിലാണ് അതിഥി അധ്യാപകരെ എയ്ഡഡ് കോളേജുകൾ നിയമിച്ചിരിക്കുന്നത്. ഇല്ലെങ്കിൽ തുച്ഛമായ ശമ്പളത്തിൽ തുടരേണ്ടിവരും. ഓൺലൈൻ ക്ലാസുകളായതിനാൽ സമീപത്തുള്ള കോളേജുകളെക്കൂടി ചേർത്ത് ക്ലാസെടുത്ത് അധ്യാപകക്ഷാമം പരിഹരിക്കാനാണ് സർക്കാർ നിർദേശം. ഇത് ഫലപ്രദമായില്ല. കോളേജുകൾ ടൈംടേബിൾ വെച്ച് സാധാരണ ക്ലാസ്ദിനം പോലെ തന്നെയാണ് മുന്നോട്ടുപോകുന്നത്. സമീപ കോളേജിലെ ടൈംടേബിൾ സമാനമായാലെ ഒരുമിച്ച് ക്ലാസെടുക്കാനാകൂ. ഇത് പ്രായോഗികമായില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

2013-ൽ തുടങ്ങിയ മൈക്രോബയോളജി പോലുള്ള പുതിയ കോഴ്‌സുകൾക്ക് തസ്തിക അനുവദിച്ചിരുന്നില്ല. ഗസ്റ്റ് അധ്യാപകരാണ് ഇത്രയും കാലമായി ഈ വിഷയങ്ങൾ പഠിപ്പിച്ചിരുന്നത്. ഇവർ ഇല്ലാതായതോടെ ഇവയുടെ പഠനം മുടങ്ങിയിരിക്കുകയാണ്.

അടുത്തമാസം ഡിഗ്രി പ്രവേശനം പൂർത്തിയായാലെ എത്ര അധ്യാപകർ വേണ്ടിവരുമെന്ന് കൃത്യമായി മനസ്സിലാക്കാനാകൂ.

ഒഴിഞ്ഞുകിടക്കുന്നത് ആയിരത്തിലധികം തസ്തികകൾ

ഈവർഷം 154 അധ്യാപകർ വിരമിച്ചതായി എ.കെ.പി.സി.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.ആർ.ഇന്ദുലാൽ പറഞ്ഞു. പുതിയ നിയമനം നടന്നിട്ടില്ല. നേരത്തെതന്നെ ആയിരത്തോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്-അദ്ദേഹം പറഞ്ഞു.