ആലപ്പുഴ: കെ.എസ്.ആർ.ടി.സി.യിൽ നിസ്സാരതെറ്റുകൾക്ക് ഇനി സസ്‌പെൻഷൻ ഇല്ല. ജീവനക്കാർ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകൾക്ക് സസ്‌പെൻഷൻ അടക്കമുള്ള ശിക്ഷണനടപടികൾ ഇപ്പോൾ സ്വീകരിക്കാറുണ്ട്. ഇത്തരംനടപടികൾ ജീവനക്കാർക്ക് സ്ഥാപനത്തോടുള്ള ആത്മാർഥത കുറയ്കുന്നുവെന്നും കോർപ്പറേഷന്റെ സുഗമമായ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് കെ.എസ്.ആർ.ടി.സി. എം.ഡി. ബിജുപ്രഭാകർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കുറച്ചുദിവസങ്ങൾക്കു മുൻപ്‌ ആലപ്പുഴ ഡിപ്പോയിലെ ഒരുഡ്രൈവറെ ചെയ്യാത്തകുറ്റത്തിന് സസ്പെൻഡ് ചെയ്തിരുന്നു. ഇത് വലിയവിവാദമാകുകയും പിന്നീട് സസ്‌പെൻഷൻ പിൻവലിക്കുകയുംചെയ്തു. ഇൗ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ്. നിസ്സാരപ്രശ്നങ്ങൾ അന്വേഷണഉദ്യോഗസ്ഥനും നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥനും പരിശോധിക്കേണ്ടതും ജീവനക്കാരന്റെ ഭാഗംകൂടി പരിശോധിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കേണ്ടതുമാണെന്നും ഉത്തരവിൽ പറയുന്നു.