ചങ്ങനാശ്ശേരി: കോവിഡ്‌ വ്യാപനം കണക്കിലെടുത്ത്‌ ഇൗ വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ നടത്തരുതെന്നാവശ്യപ്പെട്ട്‌ എൻ.എസ്‌.എസ്‌. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർക്ക്‌ നിവേദനം നൽകി. രോഗവ്യാപനത്തിന്റെ മേഖലകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ നവംബറിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ദ്രുതഗതിയിലുള്ള നീക്കം തെറ്റാണ്.

തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങൾ ആരംഭിച്ചാൽ പാർട്ടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ കോവിഡ്-19 പ്രതിരോധ നിയന്ത്രണങ്ങൾ വകവെയ്ക്കാതെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. അതോടെ സംസ്ഥാനം നീങ്ങുന്നത് വലിയ വിപത്തിലേക്കായിരിക്കും.

ആന്ധ്രപ്രദേശിൽ മാർച്ചിൽ നടക്കേണ്ട കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല. ആ സർക്കാർ തിരഞ്ഞെടുപ്പു നടത്താൻ ശ്രമിച്ചിട്ട് തിരഞ്ഞെടുപ്പു കമ്മീഷണർ, പൊതുജനനന്മയെ ലക്ഷ്യമാക്കി മാറ്റിവെയ്ക്കുകയാണ് ചെയ്തത്. അതോടെ തിരഞ്ഞെടുപ്പു കമ്മീഷണറുടെ കാലാവധി അഞ്ചുവർഷത്തിൽനിന്ന്‌ മൂന്നുവർഷമായി ചുരുക്കി ഓർഡിനൻസ് കൊണ്ടുവന്ന് തിരഞ്ഞെടുപ്പു കമ്മീഷണറെ വെട്ടിനിരത്താനാണ് അവിടത്തെ സർക്കാർ ശ്രമിച്ചത്. എന്നാൽ, ഈ ഓർഡിനൻസ് ഹൈക്കോടതി റദ്ദാക്കി.

മുതിർന്ന പൗരന്മാർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കുന്നത്, നിയമം അനുശാസിക്കുന്ന സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിന് വിരുദ്ധമാകും. മഹാമാരിയുടെ കാലത്ത് സുരക്ഷിതമായ തിരഞ്ഞെടുപ്പിനുള്ള ഉപാധിയായി ഓൺലൈനിൽകൂടി സമ്മതിദാനാവകാശം വിനിയോഗിക്കാം എന്നത്‌ രഹസ്യവോട്ട് എന്ന തത്വത്തിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിൽ പൊതുജനനന്മ മുൻനിർത്തി തിരഞ്ഞെടുപ്പ് മാറ്റിെവയ്ക്കണമെന്ന്‌ എൻ.എസ്‌.എസ്‌. നിവേദനത്തിൽ ആവശ്യപ്പെട്ടു.