പത്തനംതിട്ട: കോവിഡ്‌ നിയന്ത്രണങ്ങൾ മുതലെടുത്ത് പരിശോധന മറികടന്ന് ഓണക്കാലത്ത് വൻതോതിൽ ലഹരി കടത്താൻ കള്ളക്കടത്ത് സംഘങ്ങൾ ഒരുങ്ങുന്നതായി സൂചന. ഈ നീക്കത്തിന് തടയിടേണ്ട എക്സൈസിന് രോഗപ്രതിരോധം മുൻനിർത്തി ആദ്യം സ്വയം സുരക്ഷ തീർക്കേണ്ട സ്ഥിതിയാണ്. സുരക്ഷാ വസ്ത്രവും (പി.പി.ഇ.) കൈയുറയും ധരിച്ചുവേണം വാഹന പരിശോധന നടത്താനെന്നാണ് വകുപ്പുതല നിർദേശം.

സുരക്ഷാ ഉപകരണങ്ങൾ സംഭാവനയായി ലഭിച്ചാൽ സ്വീകരിക്കാമെന്നും ഔദ്യോഗിക ബന്ധമുള്ള ലൈസൻസികളിൽനിന്നും മറ്റും ഇവ സ്വീകരിക്കരുതെന്നും കർശന നിർദേശമുണ്ട്. ഓണക്കാലം മുൻനിർത്തി സെപ്റ്റംബർ അഞ്ചിന് അർധരാത്രി വരെയാണ് എക്സൈസ് പ്രത്യേക പരിശോധന നടത്തുന്നത്.

എല്ലാ ജീവനക്കാരെയും അണിനിരത്തിയുള്ളതായിരുന്നു കഴിഞ്ഞ ഓണക്കാലത്തെ പരിശോധന. ഇക്കുറി കോവിഡ്‌ രോഗവ്യാപന ഭീതി ഈ പതിവ് രീതിക്ക് തടസ്സമാവും. ഡിവിഷണൽ കൺട്രോൾ റൂമിലും മറ്റ് ഓഫീസുകളിലും ലഭിക്കുന്ന സന്ദേശങ്ങളിൽ യാഥാർഥ്യമുണ്ടോ എന്നത് ഇന്റലിജൻസ് വിഭാഗം ഇനി ആദ്യം വിലയിരുത്തും. ഇതിന് ശേഷമേ എൻഫോഴ്‌സ്‌മെന്റ് വിഭാഗം സ്ഥലത്തേക്ക് പുറപ്പെടൂ.

അതിർത്തികളിലും സംസ്ഥാനത്തും വാഹന പരിശോധനയ്ക്ക് പ്രയാസം നിലനിൽക്കുന്നതിനാൽ ഇത് കള്ളക്കടത്ത് സംഘങ്ങൾ മുതലെടുക്കുമെന്ന മുന്നറിയിപ്പ് ഇന്റലിജന്റ്‌സ് വിഭാഗം നൽകിയിട്ടുണ്ട്. കൺടെയിൻമെന്റ് സോൺ, ലോക് ഡൗൺ നിയന്ത്രണങ്ങൾ എന്നിവയുടെ മറവിൽ വ്യാജമദ്യ നിർമാണം, കടത്ത്, വില്പന എന്നിവ വർധിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്.