കോട്ടയം: ഒാണക്കാലത്ത് പാൽ വിൽപ്പന പഴയതുപോലെ പൊടിപൊടിക്കുമോ അതോ കൊറോണ മാർക്കറ്റ് വീഴ്ത്തുമോ? ആശങ്കയിലാണ് മിൽമ. അതുകൊണ്ട് ഒാണാഘോഷത്തിന് കർണാടകയിൽനിന്ന് മുൻവർഷങ്ങളിലെപ്പോലെ അധികം പാല് വാങ്ങണോ എന്ന കാര്യത്തിൽ തീരുമാനവും ആയില്ല. ആറു ലക്ഷം ലിറ്ററാണ് പൂരാടം, ഉത്രാടം, തിരുവോണം നാളുകളിൽ കർണാടകയിൽനിന്ന് എത്തിക്കുന്നത്.

18 ലക്ഷം ലിറ്റർ വരെയാണ് ഒാണനാളുകളിൽ കേരളത്തിൽ മിൽമയുടെ വിൽപ്പന. സാധാരണ ദിവസങ്ങളിൽ 13 ലക്ഷം ലിറ്റർ വരെയുള്ള വിൽപ്പന ഇൗ സമയം കൂടുകയാണ് ചെയ്യുന്നത്. മാർക്കറ്റ് പഠിച്ച് കർണാടകയിൽനിന്ന് വാങ്ങേണ്ട പാലിന്റെ അളവ് നിശ്ചയിക്കാൻ മാർക്കറ്റിങ് വിഭാഗത്തിനോട് നിർദേശിച്ചതായി മിൽമ ചെയർമാൻ പി.എ.ബാലൻ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ പോകുന്നതിന് നിയന്ത്രണമുള്ളതിനാൽ ജനങ്ങൾ വീടുകളിൽത്തന്നെ തുടരുകയും വീട്ടിലെ ആഘോഷം മെച്ചമാവുകയും ചെയ്യുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷീരകർഷകർക്ക് ഓണസമ്മാനം

പ്രളയവും കൊറോണയും ഒക്കെയായി ആശങ്കയിലായ ക്ഷീരകർഷകർക്ക് ആശ്വാസം നൽകുന്ന തീരുമാനവുമായി ക്ഷീരവികസന വകുപ്പ്. കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് 400 രൂപ സബ്സിഡി നൽകും. രണ്ടു കോടി രൂപയാണ് വകുപ്പ് ഇതിനായി ചെലവിടുന്നത്. മിൽമ ചാക്കൊന്നിന് നൽകുന്ന 40 രൂപ സബ്സിഡിക്ക് പുറമേയാണിത്.