കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ്‌ ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന്‌ കോടതി. സെപ്‌റ്റംബർ 16-ന്‌ വിചാരണ തുടങ്ങും. വ്യാഴാഴ്ച കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതിയിൽ ഹാജരായ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റപത്രത്തിന്റെ സംക്ഷിപ്തരൂപം വായിച്ചുകേൾപ്പിച്ചു. ബിഷപ്പ്‌ കുറ്റം നിഷേധിച്ചു. പീഡനത്തിനിരയായ കന്യാസ്ത്രീയെ സെപ്റ്റംബർ 16-ന്‌ വിസ്തരിക്കും. തുടർന്ന് ‌സാക്ഷിവിസ്താരം തുടങ്ങും.

കേസിൽ 83 സാക്ഷികളുണ്ട്‌. മഠത്തിലെ അന്തേവാസിയായ കന്യാസ്ത്രീയെ ബിഷപ്പ്‌ ഫ്രാങ്കോ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. അധികാര ദുർവിനിയോഗം നടത്തി ലൈംഗികമായി ദുരുപയോഗം നടത്തുക, അന്യായമായി തടഞ്ഞുവെയ്ക്കുക, സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യുക, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങളാണ്‌ ചുമത്തിയിരിക്കുന്നത്‌.

ഇതനുസരിച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 342, 376 (സി) (എ), 377, 506(1), 376(2)(എൻ), 376(2)(കെ), 354 തുടങ്ങിയ വകുപ്പുകൾ പ്രകാരം ബിഷപ്പ്‌ ഫ്രാങ്കോ വിചാരണ നേരിടണമെന്ന്‌ ജഡ്‌ജി ജി.ഗോപകുമാർ ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ജിതേഷ്‌ ജെ.ബാബുവും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സി.എസ്‌.അജയനും ഹാജരായി.

സത്യം തെളിയിക്കപ്പെടട്ടെ-ബിഷപ്പ്‌

‘ദൈവത്തിന്റെ മുന്നിലുള്ള സത്യം കോടതിയിലൂടെ തെളിയിക്കപ്പെടട്ടെ’യെന്നാണ്‌ കോടതിയിൽനിന്ന്‌ പുറത്തിറങ്ങിയ ബിഷപ്പ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌. വൈകീട്ട്‌ അദ്ദേഹം ജലന്ധറിലേക്ക്‌ മടങ്ങി.