കലഞ്ഞൂർ (പത്തനംതിട്ട): കാർഷികഫലങ്ങളുടെ മൂല്യവർധനയ്ക്കായി കുടുംബശ്രീ സംസ്ഥാനത്ത് 140 സംരംഭങ്ങൾ തുടങ്ങുന്നു. ജില്ലകളിൽ പത്തുവീതമാണ് ആരംഭിക്കുക. കോവിഡ്-19 പ്രതിസന്ധിയെത്തുടർന്ന് കൂടുതൽ വ്യത്യസ്തമായ അവസരങ്ങൾ കർഷകർക്കും മൂല്യവർധന യൂണിറ്റ് അംഗങ്ങൾക്കും നേടിക്കൊടുക്കുന്നതിനാണിത്.

മാങ്ങ, ചക്ക, പൈനാപ്പിൾ, പപ്പായ എന്നിങ്ങനെയുള്ള കാർഷികഫലങ്ങളിൽനിന്ന് മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുകയെന്നത് ലാഭകരമാണ്. നിലവിൽ ഇങ്ങനെയുള്ള യൂണിറ്റുകൾ ഏറെയില്ല. മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന മൂല്യവർധന യൂണിറ്റുകൾക്ക് പഴങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കി നൽകിയോ പുതിയ യൂണിറ്റുകൾ രൂപീകരിച്ചോ ആകും ഈ മേഖലയിലേക്ക് കുടുംബശ്രീ കടന്നെത്തുക. നാലുമുതൽ പത്തുവരെ അംഗങ്ങളാകും ഒരു യൂണിറ്റിലുണ്ടാകുക.

പുതിയ യൂണിറ്റുകൾക്ക് പ്രോജക്ട് തുകയുടെ 50-ശതമാനം തുക ഗ്രാന്റായി നൽകും. പരമാവധി ഒരുലക്ഷം രൂപയാണ് ഇങ്ങനെ നൽകുക. ഇതിന്റെ ആദ്യ 50-ശതമാനം യൂണിറ്റ് പ്രവർത്തനം ആരംഭിച്ച് ഒരുമാസത്തിനുശേഷം നൽകും. ശേഷിച്ച 50-ശതമാനം തുക യൂണിറ്റിന്റെ നാലുമാസത്തെ പ്രവർത്തനത്തിനുശേഷം നൽകും. നിലവിലുള്ള യൂണിറ്റുകൾക്ക് പദ്ധതിച്ചെലവിന്റെ 50ശതമാനം അഥവാ പരമാവധി 50,000 രൂപയാണ് ഗ്രാന്റായി ലഭ്യമാക്കുക. പഴവർഗങ്ങൾ സൂക്ഷിക്കാനുള്ള കോൾഡ് സ്റ്റോറേജുകൾ സ്ഥാപിക്കാനുള്ള ധനസഹായം കൂടി ഈ പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. 68,388 കൃഷിസംഘങ്ങളാണ് ഇപ്പോൾ കുടുംബശ്രീക്കുകീഴിലുള്ളത്.