കൊല്ലം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനവും വിഭവസമാഹരണവും മെച്ചപ്പെടുത്തുന്നതിന് ആറാം സംസ്ഥാന ധനകാര്യ കമ്മിഷൻ പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ തേടുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വിഹിതം നിശ്ചയിക്കുന്നതിന് മുന്നോടിയായാണിത്. ആദ്യമായാണ് സംസ്ഥാന ധനകാര്യ കമ്മിഷൻ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടുന്നത്.

മുൻകാലങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് ധനകാര്യ കമ്മിഷൻ വിവരങ്ങളും നിർദേശങ്ങളും തേടാറുണ്ടായിരുന്നു. ഒരു പ്രെഫോർമ നൽകി പൂരിപ്പിച്ച് വാങ്ങുന്ന രീതിയായിരുന്നു പിന്തുടർന്നുവന്നത്. ഇത്തവണ തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന പദ്ധതികളും പ്രവർത്തനരീതിയും സംബന്ധിച്ച് വിശദമായി ജനങ്ങളിൽനിന്ന് നിർദേശം തേടുകയാണ്.

വിഭവസമാഹരണത്തിന് പുറമേ തദ്ദേശഭരണം സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിനുള്ള ഫലപ്രദമായ നിർദേശങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ഗ്രാമ, വാർഡ് സഭകൾ കാര്യക്ഷമമാക്കുക, തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യമില്ലാത്ത ചെലവ് ഒഴിവാക്കുക, പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും സംരക്ഷിക്കുക, മാലിന്യസംസ്കരണം മെച്ചപ്പെടുത്തുക തുടങ്ങി 21 ഇനങ്ങളിലുള്ള നിർദേശങ്ങളാണ് തേടിയിരിക്കുന്നത്.

ഇതിനുപുറമേ മറ്റുള്ള വിഷയങ്ങളും സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശ്രദ്ധയിൽ പെടുത്താം. finssfca@gmail.com എന്ന ഇ മെയിൽ വിലാസത്തിലാണ് നിർദേശങ്ങൾ അയയ്ക്കേണ്ടത്.

തദ്ദേശസ്ഥാപനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കും

: ജനങ്ങളിൽനിന്ന് വ്യത്യസ്തമായ നിർദേശങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. മുൻകാലങ്ങളിലെപ്പോലെ ഇക്കുറിയും തദ്ദേശസ്ഥാപനങ്ങളിൽനിന്ന് വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും ശേഖരിക്കും. ഇതിനുള്ള വെബ്സൈറ്റിന്റെ രൂപകൽപ്പന നടന്നുവരികയാണ്.

-ഷിബു എ., സെക്രട്ടറി, സംസ്ഥാന ധനകാര്യ കമ്മിഷൻ.