തിരുവനന്തപുരം: എല്ലാതരത്തിലും തകർച്ച നേരിടുന്ന കർഷകർക്കുവേണ്ടിയുള്ള പ്രതീകാത്മക മത്സരമാണ് തന്റേതെന്ന് രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാർഥി ലാൽവർഗീസ് കൽപ്പകവാടി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാർഷിക മേഖലയെ തകർത്തു. കർഷകരെ സ്‌നേഹിക്കുന്ന എം.എൽ.എ.മാർ തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് യു.ഡി.എഫ്. മത്സരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള കോൺഗ്രസ് ജോസ് പക്ഷത്തെ യു.ഡി.എഫിൽനിന്ന് പുറത്താക്കിയിട്ടില്ല. അവരുടെ വോട്ടും പ്രതീക്ഷിക്കുന്നു. എന്നാൽ, ബി.ജെ.പി.യോട് വോട്ട് ചോദിക്കില്ല. അത് സി.പി.എമ്മിനുള്ള വോട്ടാണ്. നിയമസഭാ സമ്മേളനം വിളിച്ച് ഗവർണർ വിജ്ഞാപനം പുറത്തിറക്കിയാലുടൻ സർക്കാരിനും സ്പീക്കർക്കും എതിരായ അവിശ്വാസ നോട്ടീസ് നൽകും.

ചോദ്യംചോദിക്കുന്നവർക്കെതിരേ സി.പി.എം. സൈബർസേന ആക്രമണം നടത്തുകയാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. കെ.സി. ജോസഫ് എം.എൽ.എ.യും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.