തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 41 തടവുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർക്കും വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ വൈറസ്ബാധ സ്ഥിരീകരിച്ചു.

ഇതോടെ, സെൻട്രൽ ജയിലിൽ രോഗം ബാധിച്ചവരുടെ എണ്ണം 102 ആയി. ഒരു തടവുകാരന് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ബുധനാഴ്ച നടത്തിയ പരിശോധനയിൽ 59 പേർക്ക് രോഗം കണ്ടെത്തിയിരുന്നു. തുടർന്നാണ് ജയിലിലെ മുഴുവൻ അന്തേവാസികൾക്കും പരിശോധന നടത്താൻ തീരുമാനിച്ചത്.

വ്യാഴാഴ്ച ഒരു ബ്ലോക്കിലെ 100 പേരെ പരിശോധിച്ചപ്പോഴാണ് 41 തടവുകാർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരെ ജയിലിനുള്ളിലെ ഒരു ബ്ലോക്കിൽത്തന്നെ സി.എഫ്.എൽ.ടി.സി. സജ്ജമാക്കി അവിടേക്കു മാറ്റി. 12 ബ്ലോക്കുകളിലായി ആയിരത്തിലധികം തടവുകാരാണ് സെൻട്രൽ ജയിലിലുള്ളത്. അടുത്തദിവസങ്ങളിൽ ജയിലിലെ ബാക്കിയുള്ള അന്തേവാസികൾക്കും പരിശോധന നടത്തും.