തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് സെക്രട്ടേറിയറ്റിൽ തുടങ്ങിയ വാർ റൂമിന്റെ പ്രവർത്തനം ഇനി രാവിലെ പത്തുമുതൽ വൈകുന്നേരം അഞ്ചുവരെമാത്രം. അന്തസ്സംസ്ഥാനയാത്ര, ചരക്കുനീക്കം തുടങ്ങിയവയുടെ ഏകോപനത്തിനായാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂം തുറന്നത്.

ലോക്ഡൗൺ ഇളവുകൾ വന്നതോടെ വാർ റൂമിലേക്കുള്ള അന്വേഷണങ്ങൾ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവർത്തനം പുനഃക്രമീകരിക്കുന്നത്. അഞ്ചിനുശേഷം ലഭിക്കുന്ന ഫോൺവിളികൾ ദുരന്തനിവാരണ അതോറിറ്റിയുടെ 0471 2364424 എന്ന നമ്പറിലേക്കു തിരിച്ചുവിടും.

ഇനിമുതൽ കോവിഡ് നിർണയത്തിന് ദിവസപരിശോധന 50,000-ൽ എത്തിക്കുകയാണ് വാർ റൂമിന്റെ പ്രധാന ഉത്തരവാദിത്വം. ആവശ്യമായ ജീവനക്കാരെ നിയോഗിക്കൽ, പ്രാഥമിക ചികിത്സാകേന്ദ്രങ്ങളിലേക്ക് കോവിഡ് ബ്രിഗേഡിൽനിന്നുള്ള ആളുകളെ നിയോഗിക്കൽ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ ഉറപ്പാക്കൽ തുടങ്ങിയവയും വാർ റൂമിന്റെ ഉത്തരവാദിത്വങ്ങളായിരിക്കും.