തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള തീയതി 20 വരെ നീട്ടി. ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആകെ സീറ്റുകളിൽ പത്തുശതമാനം സാമ്പത്തികമായി പിന്നാക്കംനിൽകുന്ന മുന്നാക്ക സമുദായങ്ങൾക്ക് സംവരണംചെയ്ത് സർക്കാർ ഉത്തരവിറക്കിയിരുന്നു. അപേക്ഷകർക്ക് ഇതിനുള്ള വിവരങ്ങൾകൂടി ഉൾപ്പെടുത്താനാണ് തീയതി നീട്ടിയത്.

അപേക്ഷകൾ അന്തിമമായി നൽകിയശേഷം കാൻഡിഡേറ്റ് ലോഗിൻ തയ്യാറാക്കി അതിലുള്ള പ്രത്യേക ലിങ്കിലൂടെ സംവരണ വിവരങ്ങൾ സമർപ്പിക്കാം. സംവരണം സംബന്ധിച്ച വിവരങ്ങൾ പ്രവേശന വെബ്‌സൈറ്റായ www.hscap.kerala.gov.in-ൽ ലഭിക്കും.

നേരത്തേ അപേക്ഷ അയച്ച് സംവരണ വിവരങ്ങൾ ഉൾപ്പെടുത്താൻ വീണ്ടും ലോഗിൻ ചെയ്യാൻ ഒ.ടി.പി. നൽകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരാതിയുണ്ട്. അക്ഷയ സെന്ററുകളിൽ അപേക്ഷ നൽകിയപ്പോൾ ഫോൺ നമ്പർ ഉൾപ്പെടുത്തിയതിൽ തെറ്റു സംഭവിച്ചവർക്കും ഫോൺ നഷ്ടപ്പെട്ടു പോയവർക്കുമാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ഇക്കാര്യത്തിൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്ന് രക്ഷിതാക്കൾ പറയുന്നു.