തൃശ്ശൂർ: മൂന്നുമാസമായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വെറുതെകിടക്കുന്ന കോച്ചുകളിലെ ബാറ്ററികൾ ചാർജില്ലാതെ കാലിയാവുന്നു. ഇനി തീവണ്ടിഗതാഗതം പുനരാരംഭിക്കാൻ കോടിക്കണക്കിനു രൂപ ചെലവിടേണ്ടിവരും.

ഓരോ കോച്ചുകളിലും നാലുവീതം ബാറ്ററികളാണുള്ളത്. അടിഭാഗത്ത് ഒരു പെട്ടിയിലാണിവ ക്രമീകരിച്ചിരിക്കുന്നത്. മേൽമൂടി ഇല്ലാത്തതിനാൽ ഈർപ്പം കയറി സർക്യൂട്ടുകൾക്ക് പ്രശ്നമുണ്ടാവും. ഫാൻ, ലൈറ്റ്, എ.സി. എന്നിവയ്ക്കുള്ള വൈദ്യുതി ബാറ്ററികളിൽനിന്നാണ് കിട്ടുന്നത്.

പരമ്പരാഗത കോച്ചുകളിലാണ് ഇത്തരത്തിലുള്ള ബാറ്ററി പ്രശ്‌നം. അത്യാധുനിക എൽ.എച്ച്.ബി. കോച്ചുകളിൽ ബാറ്ററി ഇല്ലാത്തതിനാൽ ഭീഷണിയില്ല. ഈ കോച്ചുകളിൽ മുന്നിലും പിന്നിലുമുള്ള ജനറേറ്ററുകളാണ് വൈദ്യുതിയെത്തിക്കുന്നത്.

തീവണ്ടികൾ ഓടാതെ കിടക്കുന്നതിനാൽ ബാറ്ററിക്കുപുറമേ ബ്രേക്ക്, ബെയറിങ് എന്നിവയും പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. ഈർപ്പംമൂലം ഇവ തുരുമ്പെടുക്കുന്ന സ്ഥിതിയാണ്. ഇവകൂടി മാറ്റേണ്ടി വന്നാൽ റെയിൽവേ കൂടുതൽ ചെലവ് നേരിടേണ്ടിവരും.

വെറുതേ കിടക്കുന്ന റേക്കുകൾ (പരസ്പരം ബന്ധിപ്പിച്ച കോച്ചുകൾ) ആഴ്ചയിലൊരിക്കൽ ഓടിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ബാധ്യത വരില്ലായിരുന്നു. ഭീഷണി മുൻകൂട്ടിക്കണ്ട് കൊച്ചി മെട്രോ കോർപ്പറേഷൻ ആഴ്ചയിലൊരിക്കൽ എല്ലാ റേക്കുകകളും ഓടിക്കുന്നുണ്ട്.

* രാജ്യത്തെ മൊത്തം പാസഞ്ചർ കോച്ചുകൾ-74,000

* പരമ്പരാഗത കോച്ചുകൾ-59,000

* ഇപ്പോൾ വെറുതേ കിടക്കുന്ന കോച്ചുകൾ- 54,000

* ഒരു കോച്ചിലെ ബാറ്ററികൾ-4

* ഉപയോഗശൂന്യമാകാവുന്ന ബാറ്ററികൾ-2,16,000

* ഒരു ബാറ്ററിക്ക് ടെൻഡർ പ്രകാരം വില- 5000 രൂപ

* മൊത്തം മാറ്റേണ്ടിവന്നാൽ പ്രതീക്ഷിക്കാവുന്ന ചെലവ്- 108 കോടി