തിരുവനന്തപുരം: കോവിഡ് ബാധിതരെങ്കിലും സർക്കാർ മാനദണ്ഡമനുസരിച്ച് മരിച്ചവരുടെ പട്ടികയിൽ ഇടംനേടാത്ത 47 പേരുണ്ടെന്ന് ആരോഗ്യവകുപ്പ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാർഥസംഖ്യയല്ല സർക്കാർ പുറത്തുവിടുന്നതെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് 47 പേരുടെ വിവരം ആരോഗ്യവകുപ്പ് പ്രത്യേക പട്ടികയായി പ്രസിദ്ധീകരിച്ചത്.

കോവിഡ് ബാധിതരെങ്കിലും യഥാർഥ മരണകാരണം കോവിഡ് അല്ലെന്നതിനാലാണ് കോവിഡ് മരണങ്ങളുടെ കൂട്ടത്തിൽ വരാത്തതെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. മറ്റേതെങ്കിലും ഗുരുതരരോഗങ്ങളാകും മരണകാരണമായിട്ടുള്ളത്. മറ്റു ഗുരുതരരോഗം ബാധിച്ചിട്ടുണ്ടെങ്കിലും മരണകാരണം കോവിഡ് ആണെങ്കിൽ അവരെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്യുമെന്നതാണ് ദേശീയതലത്തിലുള്ള മാനദണ്ഡം. ഇതാണ് സംസ്ഥാനത്തും സ്വീകരിച്ചിട്ടുള്ളത്.

വ്യാഴാഴ്ചവരെ 126 കോവിഡ് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 16 പേർക്ക് മറ്റു ഗുരുതര രോഗങ്ങളൊന്നുമില്ലായിരുന്നു. മറ്റുള്ളവർക്ക് മറ്റു രോഗങ്ങളുണ്ടായിരുന്നെങ്കിലും മരണകാരണം കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പട്ടികയിലുള്ള 87 പേരും അറുപതിനുമേൽ പ്രായമായവരാണ്.

മരണം മറച്ചുവെക്കുന്നുവെന്ന ആരോപണമുയരുന്ന സാഹചര്യത്തിൽ വിവരങ്ങൾ പരിശോധിച്ച് ഉറപ്പാക്കണമെന്ന് വിദഗ്ദ്ധസമിതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മരിച്ചവരുടെ സാംപിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പുനഃപരിശോധന നടത്തിയാണ് ഇപ്പോൾ മരണം സ്ഥിരീകരിക്കുന്നത്. ഇതിന് താമസം വരുന്നുണ്ട്.