കണ്ണൂർ: ജൻ ഔഷധി സ്റ്റോറുകൾവഴി ഇനി അലോപ്പതി മരുന്നുകൾക്കുപുറമേ ആയുർവേദ മരുന്നുകളും നൽകും. പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പര്യായോജന(പി.എം.ബി.ജെ.പി.)യുടേതാണ് തീരുമാനം. നിർദേശം നടപ്പാകുന്നതോടെ ഇന്ത്യയിലെ 6500-ഓളം ജൻഔഷധി സ്റ്റോറുകളിൽനിന്ന് ജനറിക് ആയുർവേദ മരുന്നുകൾ വാങ്ങാം.

ഒന്നാംഘട്ടത്തിൽ 70 ജനറിക് ആയുർവേദ മരുന്നുകളാണ് വിതരണത്തിനുണ്ടാവുക. പിന്നീട് കൂടുതൽ മരുന്നുകൾ വിതരണത്തിനെത്തും. 30 മുതൽ 80 വരെ ശതമാനം വിലക്കുറവിലാണ് അലോപ്പതി ജനറിക് ഔഷധങ്ങൾ വിൽക്കുന്നത്. സമാനരീതിയിലാകും ആയുർവേദ മരുന്നുകളും വിൽക്കുക. ആയുർവേദരംഗത്ത് ഏറ്റവും കൂടുതൽ ജനറിക് മരുന്നുകൾ ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്.

കേരളത്തിന് വൻ നേട്ടം

ആയുർവേദ ഔഷധങ്ങൾ ജൻഔഷധി ഔട്ട്‌ലെറ്റുകൾ വഴി വിൽക്കാനുള്ള തീരുമാനം കേരളത്തിലെ ആയുർവേദ മരുന്നു നിർമാണമേഖലയ്ക്ക് വൻ നേട്ടമായിരിക്കും. ഗുണമേന്മയുള്ള ജനറിക് ആയുർവേദ മരുന്നുകൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാകും.

-ഡോ. ഡി. രാമനാഥൻ, ജന. സെക്രട്ടറി, ആയുർവേദ മെഡിസിൻ മാനുഫാക്‌ചറേഴ്‌സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ