മഞ്ചേരി: എസ്.എസ്.എൽ.സി. സേ പരീക്ഷാ വിജ്ഞാപനം വൈകുന്നത് വിദ്യാർഥികളെ ആശങ്കയിലാക്കുന്നു. ഫലം പ്രഖ്യാപിച്ച് ഒന്നരമാസമായിട്ടും സേ പരീക്ഷയുടെ തീയതി തീരുമാനിച്ചിട്ടില്ല. സാധാരണ, പരീക്ഷാഫലത്തിനൊപ്പം ഇതും പ്രഖ്യാപിക്കാറുണ്ട്.

5000-ത്തിലധികം വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹത നേടാതെപോയത്. കോവിഡ് മൂലം പരീക്ഷയെഴുതാനാകാതെ പോയവരുമുണ്ട്. കണക്ക്, രസതന്ത്രം, ഉൗർജതന്ത്രം പരീക്ഷകൾക്ക് ഹാജരാകാത്തവർക്ക് സേ പരീക്ഷയ്ക്കൊപ്പം അവസരം നൽകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്. ഇത് സാധാരണരീതിയിൽ പരീക്ഷ എഴുതുന്നതുപോലെ കണക്കാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

മറ്റു വിഷയങ്ങളിൽ എപ്ലസ് നേടിയ കുട്ടികൾക്കും മൂന്നു പരീക്ഷകൾ എഴുതാൻ സാധിക്കാത്തതിനാൽ തുടർപഠനം നടത്താനാവാത്ത സാഹചര്യമാണ്. പ്ലസ്‌വൺ അപേക്ഷ സമർപ്പിക്കാനുള്ള സമയം 20-ന് അവസാനിക്കും. എഴുതാത്ത പരീക്ഷകളിൽ സി.ബി.എസ്.ഇ. മാതൃകയിൽ മറ്റു വിഷയങ്ങളുടെ മാർക്ക് അടിസ്ഥാനത്തിലോ ഒന്നുംരണ്ടും ടേം പരീക്ഷകളുടെ സ്‌കോർ അടിസ്ഥാനത്തിലോ ഫലപ്രഖ്യാപനം നടത്തണമെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.