തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനും തിരക്ക് നിയന്ത്രിക്കാനുമായി ആർ.സി.സി. ഒ.പി. വിഭാഗത്തിൽ ഓഗസ്റ്റ് 17 മുതൽ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തും. രാവിലെ ഒമ്പതുമുതൽ 12 വരെയും ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം നാലുവരെയുമായാണ് ഇവ പ്രവർത്തിക്കുക. ആദ്യ ഷിഫ്റ്റിലേക്കുള്ള പ്രവേശനം രാവിലെ 7.30-നും രണ്ടാം ഷിഫ്റ്റിലേക്കുള്ള പ്രവേശനം രാവിലെ 11 മണിക്കും ആരംഭിക്കും.

പരിശോധനകൾക്കും ചികിത്സകൾക്കും ആവശ്യമായ സമയം, രോഗിയുടെ ആരോഗ്യസ്ഥിതി എന്നിവയുടെ അടിസ്ഥാനത്തിലാണ് ഡോക്ടർമാർ സമയം നിശ്ചയിച്ചുനൽകുക. ഏതു സമയത്താണ് രോഗി ആശുപത്രിയിൽ എത്തേണ്ടതെന്ന് രേഖപ്പെടുത്തിയ സ്ലിപ്പും നൽകും. നേരത്തേ അപ്പോയ്ന്റ്‌മെന്റ് ലഭിച്ചിട്ടുള്ള രോഗികൾ സെക്യൂരിറ്റി കൗണ്ടറിൽനിന്ന് സ്ലിപ്പ് വാങ്ങണം. രക്തപരിശോധനയ്ക്കുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ രോഗികൾ അവരുടെ പ്രദേശത്തുള്ള അംഗീകൃത ലാബുകളിൽ പരിശോധന നടത്തി എത്തണമെന്നും ഡയറക്ടർ അറിയിച്ചു.