മൂന്നാർ: ദേവികുളം സബ് കളക്ടറുടെ പേരിൽ വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് നിർമിച്ച് പണം തട്ടാൻ ശ്രമം. സബ് കളക്ടറുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർക്ക് വ്യാജൻ മെസേജ് അയച്ചു. പ്രശ്നം ശ്രദ്ധയിൽപ്പെട്ട സബ് കളക്ടർ പ്രേംകൃഷ്ണൻ ഫെയ്‌സ്ബുക്ക് അധികൃതർക്കും പോലീസിന്റെ സൈബർ സെല്ലിനും പരാതി നൽകി. ഇതോടെ ഫെയ്‌സ്ബുക്ക് പേജ് പിൻവലിച്ചു.

കഴിഞ്ഞ ദിവസമാണ് സബ് കളക്ടറുടെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടത്. പ്രേംകൃഷ്ണന്റെ സ്വകാര്യ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ ഉപയോഗിച്ചിരിക്കുന്ന ‘പ്രേം കൃസ്’ എന്ന പേരും അതിലെ പ്രൊഫൈൽ ഫോട്ടോയും കവർ ഫോട്ടോയുമാണ് വ്യാജ അക്കൗണ്ടിലും ഉപയോഗിച്ചിരിക്കുന്നത്.

സബ് കളക്ടറുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളുമായി ചാറ്റിങ് നടത്തിയ തട്ടിപ്പുകാർ, തനിക്ക് 10,000 രൂപയുടെ ആവശ്യമുണ്ടെന്നും തൊട്ടടുത്ത ദിവസം മടക്കി നൽകാമെന്നുമാവശ്യപ്പെട്ട് മെസേജ് അയച്ചു. സുഹൃത്തുക്കൾ സബ് കളക്ടറുമായി നേരിട്ട് ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

തുടർന്ന് ദേവികുളം പോലീസിനും സൈബർ സെല്ലിലും ഫെയ്സ് ബുക്ക് അധികൃതർക്കും പരാതി നൽകിയ സബ് കളക്ടർ തന്റെ ഔദ്യോഗിക പേജ് വഴി തട്ടിപ്പ്‌ സംബന്ധിച്ച് കൂട്ടുകാർക്ക് മുന്നറിയിപ്പ് നൽകുകയായിരുന്നു.

ദേവികുളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ഡി.കുമാറിന്റെ പേരിൽ ഇതിന് സമാനമായി വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നിർമിച്ച് പണം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയും കേസുണ്ട്.