മൂന്നാർ: ഇക്കാനഗറിലെ സ്പെഷ്യൽ റവന്യൂ സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ പൂട്ട് തകർത്ത് മറ്റൊരു പൂട്ടിട്ടത്, മുൻപ് ഈ കെട്ടിടം കൈയേറി കൈവശംവെച്ചിരുന്നയാളാണെന്ന് പോലീസ് കണ്ടെത്തി. ഇയാൾക്കും കൂട്ടാളികൾക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.മൂന്നാർ സ്വദേശി ശങ്കരപാണ്ഡ്യനും മറ്റ് കണ്ടാലറിയാവുന്നവർക്കുമെതിരേയാണ് കേസ്. വെള്ളിയാഴ്ച വൈകീട്ട് ഇയാളും സഹായികളും റവന്യൂ ഓഫീസ് പരിസരത്ത് എത്തിയിരുന്നതായുള്ള തെളിവുകൾ പോലീസ് കണ്ടെത്തിയിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി എസ്.ഐ. ടി.എം.സൂഫി പറഞ്ഞു.തിങ്കളാഴ്ച രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് ഓഫീസ് മറ്റൊരു പൂട്ട് ഉപയോഗിച്ച് പൂട്ടിയ നിലയിൽ കണ്ടെത്തിയത്. റവന്യൂ ഇൻസ്പെക്ടർ റ്റി.ആർ.വിവേകിന്റെ പരാതിയെ തുടർന്നാണ് പോലീസ് കെസെടുത്തത്.മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരേ നടപടി എടുക്കുന്നതിനായി 2011-ലാണ് ഇക്കാനഗറിൽ സ്പെഷ്യൽ റവന്യൂ ഓഫീസ് സ്ഥാപിച്ചത്. 2007-ലാണ് സ്വകാര്യ വ്യക്തി കൈയേറി താമസിച്ചിരുന്ന ഈ സർക്കാർ ക്വാർട്ടേഴ്‌സ്‌ അധികൃതർ ഒഴിപ്പിച്ചെടുത്തത്.

സ്പെഷ്യൽ റവന്യൂ ഓഫീസ് സംരക്ഷിക്കാൻ ഉത്തരവ്

സബ് കളക്ടറുടെ താത്‌കാലിക ക്യാമ്പ് ഓഫീസാക്കി കെട്ടിടം മാറ്റാൻ നിർദേശം. ഇക്കാ നഗറിലെ കെട്ടിടവും 50 സെന്റ് സ്ഥലവും കൈയേറ്റക്കാരിൽനിന്ന് സംരക്ഷിക്കുകയാണ് ലക്ഷ്യം. പ്രവേശനകവാടത്തിൽ ഗേറ്റ്‌ സ്ഥാപിക്കാനും സബ് കളക്ടർ എസ്.പ്രേംകൃഷ്ണൻ നിർദേശം നൽകി. പഴയ കെട്ടിടം പൊളിച്ചുനീക്കിയ ശേഷം റവന്യൂ വകുപ്പിന്റെ അതിഥിമന്ദിരവും സബ് കളക്ടറുടെ ക്യാമ്പ് ഓഫീസും നിർമിക്കുന്നതിനുള്ള ശുപാർശ സർക്കാരിൽ നൽകിയതായി സബ് കളക്ടർ പറഞ്ഞു.