തേഞ്ഞിപ്പലം: ജൂനിയർ ഡിപ്ലോമ കോഴ്‌സിന് (ജെ.ഡി.സി.) ചേരുന്നതിന് സഹകരണസംഘം ജീവനക്കാർക്ക് മുൻകൂർ അർധവേതനാവധി (ലീവ് നോട്ട്) ഡ്യൂ അനുവദിക്കാമെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറങ്ങി. ഉദ്യോഗസ്ഥൻ ഭാവിയിൽ ആർജിക്കുമ്പോൾ അതിൽനിന്നു തട്ടിക്കിഴിച്ചുകൊള്ളാം എന്ന വ്യവസ്ഥയിൽ മുൻകൂറായി അനുവദിക്കുന്ന അർധവേതനാവധിയാണിത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പെൻഷനേഴ്‌സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അറ്റൻഡർ തസ്തികയിലുള്ള ഒരു ജീവനക്കാരിക്ക് ജെ.ഡി.സിക്ക് ചേരാൻ ലീവ് നോട്ട് ഡ്യൂ അനുവദിച്ചതിനെതിരേ ഓഡിറ്റർ തടസ്സവാദം ഉന്നയിച്ചിരുന്നു. ഇതിനെ സഹകരണസംഘം രജിസ്ട്രാർ ശരിവെക്കുകയും ചെയ്തു. ഇതിനെതിരേ സംഘം നൽകിയ അപ്പീൽ പരിഗണിച്ചാണ് രജിസ്ട്രാറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടും സംഘത്തിന്റ നടപടി ശരിവെച്ചുകൊണ്ടും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.

കേരളത്തിലെ സഹകരണസംഘങ്ങളിൽ ടൈപ്പിസ്റ്റ്, അറ്റൻഡർ, പ്യൂൺ തുടങ്ങിയ താഴ്‌ന്ന തസ്തികകളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാർക്ക് ഏറെ സഹായമാകുന്നതാണ് ഉത്തരവ്.