തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങൾ ശക്തിപ്പെടുത്തിയതായി മന്ത്രി കെ.കെ. ശൈലജ. സാധാരണ ഒ.പി.ക്കു പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ലഭിക്കും. പാലിയേറ്റീവ് കെയർ ജീവനക്കാർ, ആശാ വർക്കർമാർ, നഴ്‌സുമാർ, ജെ.എച്ച്.ഐ., ജെ.പി.എച്ച്.എൻ. എന്നിവർക്കും ഇ-സഞ്ജീവനി വഴി ഡോക്ടർമാരുടെ സേവനം തേടാം.

ഇ-സഞ്ജീവനിയിലൂടെ ലഭിക്കുന്ന കുറിപ്പടി തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകളും പരിശോധനകളും സൗജന്യമായി ലഭിക്കും. ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് ജനറൽ ഒ.പി. പ്രവർത്തനം. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ആവശ്യമുള്ളവരെ അതത് വിഭാഗങ്ങളിലേക്ക് റഫർ ചെയ്യും.

സ്പെഷ്യാലിറ്റി ഒ.പി. സേവനം

* നവജാത ശിശുവിഭാഗം ഒ.പി. തിങ്കൾ മുതൽ ശനിവരെ രാവിലെ പത്തുമുതൽ ഒന്നുവരെ.

* സൈക്യാട്രി ഒ.പി. തിങ്കൾമുതൽ വെള്ളിവരെ ഒന്പതുമുതൽ ഒന്നുവരെ.

* പോസ്റ്റ് കോവിഡ് ഒ.പി. എല്ലാ ദിവസവും രാവിലെ ഒന്പതുമുതൽ അഞ്ചുവരെ.

* ഡി.ഇ.ഐ.സി. ഒ.പി. തിങ്കൾ മുതൽ വെള്ളിവരെ പത്തുമുതൽ നാലുവരെ.

* കൗമാര ക്ലിനിക് തിങ്കൾ മുതൽ വെള്ളിവരെ പത്തുമുതൽ നാലുവരെ.

* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ്, തിരുവനന്തപുരം: ചൊവ്വ, വ്യാഴം ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ.

* ഇംഹാൻസ് കോഴിക്കോട്: ചൊവ്വാഴ്ച രാവിലെ പത്തുമുതൽ 12 വരെ.

* ആർ.സി.സി. തിരുവനന്തപുരം: ചൊവ്വ, വെള്ളി ഉച്ചയ്ക്ക് രണ്ടുമുതൽ 4.15 വരെ.

* കൊച്ചിൻ കാൻസർ സെന്റർ: തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഒന്പതുമുതൽ 12 വരെ.

* മലബാർ കാൻസർ സെന്റർ, തലശ്ശേരി: തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം മൂന്നുമുതൽ നാലുവരെ.

വീട്ടിലിരുന്ന് ഡോക്ടറെ കാണാം

ആദ്യമായി https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഇ-സഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en-US മൊബൈലിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാം.

ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപ്പോ അല്ലെങ്കിൽ ടാബ് ഉണ്ടങ്കിൽ esanjeevaniopd.in എന്ന സൈറ്റിൽ പ്രവേശിക്കാം. ഉപയോഗിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യാം. ലഭിക്കുന്ന ഒ.ടി.പി. നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് സംസാരിക്കാം. ശേഷം മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്ത് മരുന്നുകൾ വാങ്ങാനും പരിശോധനകൾ നടത്താനും സാധിക്കും. സംശയങ്ങൾക്ക് ദിശ 1056 എന്ന നമ്പറിൽ വിളിക്കാം.