നെടുങ്കണ്ടം: ബന്ധുവിന്റെ വീട്ടിൽ താമസിക്കാനെത്തിയ പതിമൂന്നുവയസുകാരനെ ടെറസിന് മുകളിൽ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വാഴവര പരപ്പനങ്ങാടി മടത്തുംമുറിയിൽ ബിജു ഫിലിപ്പിന്റെയും സൗമ്യയുടെയും മൂത്തമകൻ ജെറോൾഡ് (അപ്പു) ആണ് മരിച്ചത്. കുട്ടിയുടെ ഇരുകാലുകളും കയർ ഉപയോഗിച്ച് വരിഞ്ഞുമുറുക്കി കൂട്ടിക്കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജു ഫിലിപ്പിന്റെ സഹോദരിയുടെ നെടുങ്കണ്ടത്തെ വീട്ടിൽ വൈകീട്ട് 3.45-ഓടെയാണ് സംഭവം. കഴിഞ്ഞ ഒരു മാസമായി ജെറോൾഡ് നെടുങ്കണ്ടത്തെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കുരുങ്ങിയതെന്നാണ്‌ പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവികതയുള്ളതിനാൽ പോലീസ് വിശദമായ അന്വേഷണം നടത്തുമെന്ന് നെടുങ്കണ്ടം സി.ഐ. ബി.എസ്.ബിനു പറഞ്ഞു.

ജെറോൾഡിന്റെ കൂടെയുണ്ടായിരുന്ന കുട്ടികൾ വീടിന്റെ താഴത്തെ നിലയിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്നു. ബിജുവിന്റെ സഹോദരിയും വീടിനുള്ളിലായിരുന്നു. സഹോദരിയുടെ ഭർത്താവ് ബിജു ലൂക്കോസ് മുല്ലപ്പെരിയാർ ഡാം സുരക്ഷക്കായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. ഇവരുടെ കുട്ടികളുടെ ഓൺലൈൻ ക്ലാസ് കഴിഞ്ഞിട്ടും ജെറോൾഡിനെ കാണാതെവന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ടെറസിനു മുകളിൽ കയറിൽ കുരുങ്ങിയ നിലയിൽ ജെറോൾഡിനെ കണ്ടത്.

കുട്ടിയുടെ സമീപത്തായി ഒരു കസേരയും കണ്ടെത്തി. വീട്ടുകാർ അലറിക്കരഞ്ഞതോടെ പ്രദേശവാസികൾ ഓടിയെത്തി. ഇതിനിടയിൽ പ്രദേശത്തെ ഒരു വീട്ടമ്മയാണ് കാലിലെ കുരുക്ക് കണ്ടെത്തിയത്. ഈ കുരുക്ക് വീട്ടമ്മ അഴിച്ചുമാറ്റി. കാൽ കെട്ടിയിരുന്ന കയർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ പരിശോധനക്കായി കുട്ടിയുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുക്കും. നെടുങ്കണ്ടം പോലീസ് സംഭവം നടന്ന വീട് സന്ദർശിച്ച് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. ഓൺലൈൻ ഗെയിമിന്റെ ഭാഗമായുള്ള ടാസ്‌ക് ചെയ്യുന്നതിനിടെയുണ്ടായ അപകടമാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാർഥിയാണ് മരിച്ച ജെറോൾഡ്. ജെവിൻ ഏകസഹോദരനാണ്. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന്‌ കേസെടുത്തു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക്‌ വിട്ടുനൽകും.

content highlights: 13 year old found dead in relatives house