തിരുവല്ല: ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി ശനിയാഴ്ച സ്ഥാനാരോഹണം ചെയ്യും. സഭാ ആസ്ഥാനത്തെ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കുന്ന മദ്ബഹായിലാണ് ചടങ്ങുകൾ. രാവിലെ 7.45-ന് പുലാത്തീനിൽനിന്ന് നിയുക്ത മെത്രാപ്പൊലീത്തയെ വേദിയിലേക്ക് നയിക്കും.

എട്ടുമണിക്ക് കുർബാന തുടങ്ങും. ഡോ. യൂയാക്കിം മാർ കൂറിലോസ് എപ്പിസ്‌കോപ്പ നേതൃത്വം നൽകും. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിറിൽ മാർ ബസേലിയോസ്, മാർത്തോമ്മാ സഭയിലെ മറ്റ് എപ്പിസ്‌കോപ്പാമാർ എന്നിവർ ശുശ്രൂഷയിൽ പങ്കെടുക്കും.

11 മണിക്ക് അനുമോദന സമ്മേളനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ, കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ, ബിഷപ് ഡോ. പി.സി.സിങ്, ഡോ. ധർമ്മരാജ് റസാലം, ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത തുടങ്ങിയവർ പങ്കെടുക്കും. പ്രത്യേക മദ്ബഹ വെള്ളിയാഴ്ച വൈകീട്ട് കൂദാശ ചെയ്യും. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കാലം ചെയ്തതിനെ തുടർന്നാണ്, സഫ്രഗൻ മെത്രാപ്പൊലീത്തയായ തിയഡോഷ്യസ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്.