മൂന്നാർ: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സി.എസ്.ഐ. വൈദികരുടെ നേതൃത്വത്തിൽ നടന്ന സമൂഹ യോഗത്തിൽ പങ്കെടുത്ത രണ്ട് വൈദികർക്കൂടി കോവിഡ് ബാധിച്ച് മരിച്ചു. സി.എസ്.ഐ. സൗത്ത് കേരള മഹാ ഇടവകയിൽപ്പെട്ട തിരുവനന്തപുരം അമ്പലക്കാല ഇടവക വികാരി റവ. ബിനോ കുമാർ (36), കള്ളിക്കാട് വെസ്റ്റ് മൗണ്ട്് വികാരി റവ.ദേവപ്രസാദ് (58) എന്നിവരാണ് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മരിച്ചത്. കാരക്കോണം മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ ആയിരുന്നു.

ഇതോടെ സമൂഹയോഗത്തിൽ പങ്കെടുത്തു മടങ്ങിയവരിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. റവ. ബിജുമോൻ, റവ. ഷൈൻ ബി. രാജ് എന്നീ വൈദികർ ഒരാഴ്ച മുൻപ് മരിച്ചിരുന്നു.

ഏപ്രിൽ 13 മുതൽ 17 വരെയാണ് പഴയ മൂന്നാർ സി.എസ്.ഐ.പള്ളിയിൽ 360-ലധികം പേരെ പങ്കെടുപ്പിച്ച് സമൂഹയോഗം നടത്തിയത്. സി.എസ്.ഐ. സൗത്ത് കേരള മഹാ ഇടവകയുടെ വിവിധ പള്ളികളിൽനിന്നുള്ള വൈദികരും ഇടവക സമിതിയംഗങ്ങളുമാണ് ഇതിൽ പങ്കെടുത്തത്. ഇവരിൽ 80-ലധികം പേർക്ക് കോവിഡ് ബാധിച്ചു. ഇവരിൽ വൈദികരുൾപ്പെടെയുള്ള 16 പേരുടെ നില ഗുരുതരമാണ്. ഇവർ തിരുവനന്തപുരത്തും സമീപങ്ങളിലുമുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സഭാംഗങ്ങളുടെ പരാതികളെത്തുടർന്ന് മൂന്നാർ പോലീസ് പകർച്ചവ്യാധി നിയന്ത്രണ നിരോധന നിയമപ്രകാരം, ഇതിൽ പങ്കെടുത്ത 360 പേർക്കും സംഘാടകരായ 20 പേർക്കുമെതിരേ കേസെടുത്തിരുന്നു.