ചാത്തന്നൂർ (കൊല്ലം) : കുണ്ടറ കുരീപ്പള്ളിയിൽ തിരഞ്ഞെടുപ്പുദിവസം ഇ.എം.സി.സി. പ്രസിഡന്റ് ഷിജു എം.വർഗീസിന്റെ കാറിനുനേരേ നടന്ന പെട്രോൾ ബോംബാക്രമണ സംഭവത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയിൽനിന്നു നിയമസഭയിലേക്ക് മത്സരിച്ച വിവിധ സ്ഥാനാർഥികളുൾപ്പെടെ ഒൻപതുപേരെ ചോദ്യംചെയ്തു. പെട്രോൾ ബോംബാക്രമണം നാടകമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷിജുവടക്കം രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ജനറൽ സെക്രട്ടറി കോന്നി ഗോപകുമാർ, തൃക്കാക്കരയിൽ മത്സരിച്ച കൃഷ്ണപ്രസാദ്, ഗുരുവായൂരിലെ സ്ഥാനാർഥിയായിരുന്ന ദിലീപ് നായർ, കൊട്ടാരക്കരയിൽ മത്സരിച്ച വേണുഗോപൻ, തിരുവല്ലയിൽ മത്സരിച്ച വിനോദ് കുമാർ, ഡോ. ബിനുകുമാർ, ഓഫീസ് സെക്രട്ടറി ശ്യാം തുടങ്ങിയവരെയാണ് ചാത്തന്നൂർ അസി. പോലീസ് കമ്മിഷണർ വൈ.നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തത്. പാർട്ടിയിലെ ചില നേതാക്കന്മാർകൂടി ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദനായകനായ, ഇ.എം.സി.സി. എന്ന അമേരിക്കൻ കമ്പനിയുടെ പ്രസിഡന്റ് ഷിജു എം.വർഗീസ് അമേരിക്കയിൽ 12 ഓളം കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് പ്രാഥമിക വിവരം. ഷിജു എം.വർഗീസിൻറെ ഇ മെയിൽ വിലാസത്തിൽനിന്നു ലഭിച്ച സന്ദേശങ്ങളിൽനിന്നാണ് വിവരങ്ങൾ അറിയാനായത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഉപകമ്പനികൾ ബന്ധുക്കളുടെ പേരിലാണ്. ഇവയിൽ ഒരു കമ്പനിയിൽപ്പോലും ഷിജു എം.വർഗീസ് ഡയറക്ടർ ബോർഡ്‌ അംഗം പോലുമല്ലെന്ന് പോലീസ് പറയുന്നു.

പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് ഇ.എം.സി.സി.യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തായത്. ഷിജുവിന്റെ കംപ്യൂട്ടർ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതിൽനിന്നുള്ള വിവരങ്ങൾ സൈബർസെൽ മുഖേന പരിശോധിച്ചുവരികയാണ്. ഷിജുവിന്റെ സാമ്പത്തിക സ്രോതസ്സുകൾ, ഇടപാടുകൾ എന്നിവസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ചാത്തന്നൂർ എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച ഷിജു വർഗീസിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തശേഷം ചൊവ്വാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.