തിരുവനന്തപുരം: അവശ്യവിഭാഗങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സർക്കാർ, അർധസർക്കാർ, സ്വയംഭരണ, പൊതുമേഖലാ സ്ഥാപനങ്ങളിലെ അത്യന്താപേക്ഷിതമായ ജീവനക്കാർ ഒഴികെയുള്ളവരും അധ്യാപകരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകണമെന്ന് സർക്കാർ ഉത്തരവ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഇറക്കിയ പുതിയ ഉത്തരവിലാണ് നിർദേശം.

വകുപ്പ് മേധാവികൾ ഇത്തരത്തിലുള്ള ജീവനക്കാരുടെയും അധ്യാപകരുടെയും പട്ടിക കളക്ടർമാർക്ക് രണ്ട് ദിവസത്തിനകം കൈമാറണം. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ജില്ലാ കളക്ടർമാർ നിയോഗിക്കും. ജീവനക്കാരുടെയും അധ്യാപകരുടെയും തസ്തികയ്ക്ക് അനുസൃതമായ ജോലികളിൽ ഇവരെ നിയോഗിക്കണം. ജോലി ഏറ്റെടുക്കാൻ സന്നദ്ധരാകാത്തവർ ഉണ്ടെങ്കിൽ അക്കാര്യവും വകുപ്പ് മേധാവികൾ കളക്ടർമാരെ അറിയിക്കണം. കോവിഡ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങളിൽ നിയമിതരായവരെ ഡ്യൂട്ടി തുടരാൻ അനുവദിക്കാമെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഇറക്കിയ ഉത്തരവിൽ പറയുന്നു.