കൊച്ചി: കോവിഡ് ബാധിതരിലും കോവിഡനന്തര ജീവിതത്തിലും മറവി ഉണ്ടാകുന്നതായി കണ്ടെത്തൽ. രോഗബാധിതനായ ഒരാളിൽ ബ്രെയിൻ ഫോഗ് എന്ന അവസ്ഥ ഉണ്ടാകുന്നതു മൂലമാണ് മറവി ബാധിക്കുന്നത്.

മൂന്നിൽ ഒരാൾക്കാണ് മറവി ഉണ്ടാകുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നത്. പ്രായമായവർ, പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ വൃക്ക, കരൾ, അസ്ത്‌മ രോഗികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മുൻപ് മറവി ഉള്ളവരിൽ മറവി 50 ശതമാനംവരെ കൂടാനും ഇത് കാരണമാകും. ഇതുസംബന്ധിച്ച് കൂടുതൽ പഠനം നടന്നുവരുകയാണെന്ന് ആരോഗ്യ രംഗത്തുള്ളവർ പറയുന്നു. രോഗം സ്ഥിരീകരിച്ച ആഴ്ചമുതൽ കുറച്ച് ആഴ്ചകൾവരെ ഇത് തുടരാം. എന്നാൽ, തുടർന്നും മറവി ഉണ്ടാകുന്നപക്ഷം കൃത്യമായി ചികിത്സ തേടേണ്ടതുണ്ട്. മുൻകാലങ്ങളിലേ മറവി ഉള്ളവരിൽ 50 ശതമാനംവരെ മറവി കൂടാനും ഈ അവസ്ഥ കാരണമാകുമെന്നും ഡോക്ടർമാർ പറയുന്നു. തീവ്രത കുറഞ്ഞ രോഗബാധയുള്ളവരിൽ 7.5 ശതമാനവും അതിതീവ്ര രോഗബാധിതരിൽ 69 ശതമാനംവരെ മറവി ബാധിച്ചേക്കാമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറസ് ശരീരത്തിൽനിന്ന് തലച്ചോറിലേക്ക് നേരിട്ട് എത്തുകയും അതിലൂടെ എൻസിലോപതി എന്ന അവസ്ഥയുണ്ടാക്കുന്നതും ഒരു കാരണമാണ്. തലച്ചോറിൽ ഓക്സിജൻ അളവ് കുറയുന്നതും വൈറസിന്റെ സാന്നിധ്യവും അതിന്റെ പ്രവർത്തനങ്ങളുംമൂലം തലച്ചോറിൽ നീരു വരുന്നതും ഇതിന് കാരണമാകാം. ഉറക്കം നഷ്ടപ്പെടുന്നതും ക്വാറന്റീൻ കാലത്തെ ഒറ്റപ്പെടലും ശാരീരിക അധ്വാനം കുറയുന്നതുമെല്ലാം ഇതിന് കാരണമാണ്.

ബ്രെയിൻ ഫോഗ്

ഓക്സിജന്റെ അളവ് 90-ന് താഴെയാകുന്നതോ തലച്ചോറിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും ഇത് ബ്ലോക്ക് സൃഷ്ടിക്കുകയും ചെയ്യുന്നതിനാലോ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതുമൂലമോ ബ്രെയിൻ ഫോഗ് ഉണ്ടാകാം. ഉറക്കമില്ലായ്മ, ക്വാറന്റീൻ കാലത്തെ സാങ്കേതികവിദ്യയുടെ അമിത ഉപയോഗം, വൈറ്റമിൻ ഡി3 ഡെഫിഷ്യൻസി, ഹൈപ്പോ തൈറോഡ് ഉള്ളവർ എന്നിവർക്കാണ് ബ്രെയിൻ ഫോഗ് ഉണ്ടാകുക.

ജീവിതചര്യയിലെ മാറ്റം അനിവാര്യം

എട്ടുമുതൽ ഒമ്പത് മണിക്കൂർ ഉറക്കം, കൃത്യമായ ഭക്ഷണക്രമം, ലഹരി പദാർഥങ്ങൾ ഉപയോഗിക്കാതിരിക്കുക, വ്യായാമം ചെയ്യുക എന്നിവ അത്യാവശ്യമാണ്. മറവിമൂലം പിരിമുറുക്കവും വിഷാദവും ബാധിക്കുന്നവർ ശരിയായ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്

- ഡോ. റെജി പോൾ, കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി