മലപ്പുറം: മഴയ്ക്കുമുന്നോടിയായി വിരുന്നെത്തുന്ന കൊമ്പൻകുയിലിനെ പെരിന്തൽമണ്ണയിൽ കണ്ടെത്തി. മഴക്കാലത്തിനുമുന്നോടിയായി മേയ് മാസത്തോടെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് തുടങ്ങുന്ന ഈ പക്ഷിയുടെ ദേശാടനം ജൂൺ, ജൂലായ് മാസത്തോടെ വടക്കേ ഇന്ത്യൻ ഭാഗങ്ങളിലെത്തിച്ചേരുന്നു. ജേക്കബിൻ, പൈഡ് കുക്കൂ എന്നീ പേരുകളിലും അറിയപ്പെടുന്ന ദേശാടനക്കുയിലിനെ പെരിന്തൽമണ്ണ ബൈപ്പാസ് ജങ്ഷന് സമീപത്താണ് കഴിഞ്ഞദിവസം കണ്ടത്.

പക്ഷിനിരീക്ഷകൻ കൂടിയായ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് മലപ്പുറം ജില്ലാ മാനേജർ ആർ. ശ്യാംപ്രസാദാണ് ചിത്രം പകർത്തിയത്. കാളിദാസന്റെ മേഘസന്ദേശത്തിൽ ഈ പക്ഷി ഇലകളിൽ തങ്ങിനിൽക്കുന്ന ജലം കുടിക്കുന്നതായും മഴത്തുള്ളികൾക്കായി കാത്തിരിക്കുന്നതായും വർണിച്ചിട്ടുണ്ട്. ‘ചാതക’ എന്നാണ് ഇതിനെ മേഘസന്ദേശത്തിൽ വിശേഷിപ്പിക്കുന്നത്.