കൊച്ചി: മീനമാസ പൂജയ്ക്കായി ശബരിമല നടതുറക്കുമ്പോൾ ദിവസവും 10,000 പേർക്ക് ദർശനം നടത്താമെന്ന് ഹൈക്കോടതി. എന്നാൽ, വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ ആവശ്യം ജസ്റ്റിസ് സി.ടി. രവികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനും അടങ്ങിയ ദേവസ്വംബെഞ്ച് അംഗീകരിച്ചില്ല. നിലവിൽ 5000 പേർക്കായിരുന്നു ദിവസവും ദർശനത്തിന് അനുമതി നൽകിയിരുന്നത്. ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെ കോവിഡ് നെഗറ്റീവ് റിപ്പോർട്ടുമായിവരുന്ന എല്ലാവരെയും ശബരിമലദർശനത്തിന് അനുവദിക്കണമെന്നായിരുന്നു ദേവസ്വത്തിന്റെ ആവശ്യം. ഇതും കോടതി അംഗീകരിച്ചില്ല.

വെർച്വൽ ക്യൂവഴി ബുക്ക് ചെയ്തായിരിക്കണം മാർച്ച് 15-ന് നടതുറക്കുമ്പോഴും എത്തേണ്ടത്. ദർശനത്തിന് 48 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ.ടി.പി.സി.ആർ. പരിശോധനയിലൂടെയുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും കൈവശം ഉണ്ടാകണം. പോലീസിന്റെ നിയന്ത്രണത്തിലൂടെയുള്ള വെബ്സൈറ്റ് വഴിയാണ് വെർച്വൽ ക്യൂവിനായി ബുക്കുചെയ്യേണ്ടത്.

ബുക്കിങ് ആരംഭിക്കുന്നയുടനെ 5000 സ്ലോട്ടുകൾ പൂർണമായി ബുക്കുചെയ്യപ്പെടുമെന്നും ഇതിൽ പാതിയെ ദർശനത്തിന് എത്തുന്നുള്ളുവെന്നും ശബരിമല സ്പെഷ്യൽ കമ്മിഷണർ കഴിഞ്ഞദിവസം കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിനാൽ ഈ ബുക്കിങ് സംവിധാനം ഒഴിവാക്കണമെന്ന് കമ്മിഷണർ കോടതിയെ അറിയിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്ലോട്ടുകളും ബുക്കുചെയ്യപ്പെടുന്നതിനുപിന്നിൽ എന്തെങ്കിലും അസ്വഭാവികമായ കാരണങ്ങളുണ്ടോയെന്ന് അറിയിക്കാൻ കോടതി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ പോലീസ് മേധാവിയുടെ ഈ റിപ്പോർട്ട് കോടതിക്ക്‌ ലഭിച്ചിരുന്നില്ല.

മീനമാസപൂജയ്ക്ക് മാർച്ച് 15-ന് തുറക്കുന്ന ശബരിമലനട ഉത്രംമഹോത്സവവും കഴിഞ്ഞ് മാർച്ച് 28-നെ അടയ്ക്കൂ. ദർശനത്തിന് എത്തുന്നവർക്ക് നിലയ്‌ക്കലിൽ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഉണ്ടാകും. ഇവിടെനിന്ന് ഒരുമണിക്കൂറിനുള്ളിൽ റിപ്പോർട്ട് ലഭിക്കുമെന്നാണ് സ്പെഷ്യൽ കമ്മിഷണർ കോടതിയെ അറിയിച്ചത്.