കൊച്ചി: എറണാകുളം മറൈൻഡ്രൈവിൽ യുവതിയെ ഫ്ലാറ്റിൽ തടങ്കലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് പരിശോധിച്ചുതുടങ്ങി. പ്രതിക്ക് അക്കൗണ്ടുള്ള ബാങ്കുകളിലെല്ലാം എറണാകുളം സെൻട്രൽ പോലീസ് നോട്ടീസ് നൽകി.

മാർട്ടിൻ അമിതപലിശ ഇടപാടും മണി ചെയിൻ തട്ടിപ്പും നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പലിശയ്ക്ക് കൊടുക്കാനുള്ള പണം എവിടെനിന്ന് ലഭിച്ചുവെന്നും അന്വേഷിക്കുന്നു.

ലഹരിമാഫിയ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. മാർട്ടിൻ ലഹരി ഉപയോഗിക്കുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഇത്. ഇതുവരെ മാർട്ടിന്റെ പേരിൽ മയക്കുമരുന്ന് കേസുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ, മാർട്ടിന്റെ പിടിയിലായ കൂട്ടാളി കഞ്ചാവ് കേസിൽ പ്രതിയാണ്.

യുവതിയുടെ നഗ്ന വീഡിയോ ചിത്രീകരിച്ചു എന്നതിൽ വിശദാന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങേണ്ടി വരും. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് തിങ്കളാഴ്ച അപേക്ഷ നൽകുമെന്ന് എറണാകുളം സെൻട്രൽ ഇൻസ്പെക്ടർ എ. നിസാർ പറഞ്ഞു.

മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയായ 27-കാരിയെ തടങ്കലിൽ വെച്ച് മാർട്ടിൻ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കേസ്. എറണാകുളത്ത് ഫാഷൻ ഡിസൈനറായി ജോലി ചെയ്തുവരുമ്പോഴാണ് യുവതി മാർട്ടിനുമായി പരിചയത്തിലാകുന്നത്. ഇവർ ഒരുമിച്ച് താമസിച്ച് വരികയുമായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് പ്രതിയെ തൃശ്ശൂരിലെ ഒളിസങ്കേതത്തിൽ നിന്ന് പോലീസ് പിടിച്ചത്.