കോട്ടയം: എസ്.എച്ച്.ജി.-95 മാസ്‌കുകളുമായി സ്വയംസഹായസംഘങ്ങൾ. പലതവണ കഴുകി ഉപയോഗിക്കാവുന്ന കോട്ടൺ മുഖാവരണമാണിത്. ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ബയോടെക്‌നോളജി വകുപ്പ്(ഡി.ബി.ടി.), ബയോടെക്‌നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻറ്സ്‌ കൗൺസിൽ(ബിറാക്) എന്നിവയുടെ സഹകരണത്തോടെയാണ് മാസ്ക് വികസിപ്പിച്ചത്.

ഹൈദരാബാദ്‌ ആസ്‌ഥാനമായ ’പരിശോധന ടെക്‌നോളജീസ്’ എന്ന സംരംഭത്തിന്റെ ചുമതലയിൽ സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങളാണ് കോട്ടൺതുണിയിൽ ഇവയുടെ നിർമാണം നടത്തുന്നത്. ഇതിനകം 1,45,000 മാസ്‌ക് വിതരണം ചെയ്തു. പ്രതിമാസം 50,000 മാസ്‌കാണ് ഉത്പാദിപ്പിക്കുന്നത്. കോവിഡ് അനുബന്ധ കണ്ടുപിടിത്തങ്ങൾക്ക് പ്രോത്സാഹനം നൽകുന്ന കനേഡിയൻ സർക്കാരിന്റെ സംരംഭമായ ഗ്രാൻഡ് ചലഞ്ചസ് കാനഡയുടെ സാമ്പത്തികസഹായവുമുണ്ട് സ്വയംസഹായ സംഘങ്ങൾക്ക്.

അണുബാധയ്ക്കെതിരേ 99 ശതമാനം സുരക്ഷിതത്വമാണ് പരീക്ഷണത്തിൽ കണ്ടെത്തിയത്. 50 മുതൽ 75 രൂപ വരെ വിവിധ വിലനിലവാരത്തിൽ വർണപ്പകിട്ടോടെയാണ് മാസ്‌കിന്റെ നിർമാണം. മൃദുവായ വള്ളി ഉപയോഗിക്കുന്നതിനാൽ സ്ഥിരമായി മുഴുവൻ സമയം മാസ്‌ക് ധരിക്കുന്നതുമൂലമുള്ള ചെവിവേദന എന്ന പ്രശ്‌നവുമില്ല.