ഒരുകാലത്തെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് സി.കെ.ജി.ക്കുശേഷം കണ്ണൂരില്‍നിന്ന് ആദ്യമായി കെ.പി.സി.സി.യുടെ അധ്യക്ഷനായി കെ. സുധാകരന്‍ വരുമ്പോള്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസിന്. വലിയ പരാജയത്തില്‍ തളര്‍ന്നുകിടക്കുന്ന കോണ്‍ഗ്രസിന് ഊർജം നല്‍കാനും വന്‍ഭൂരിപക്ഷത്തില്‍ അടുത്ത ഭരണം പിടിക്കാനും സുധാകരന്റെ നേതൃത്വത്തിന് കഴിയും എന്നാണ് ഹൈക്കമാൻഡ്‌ കരുതുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിനെതിരേയുണ്ടായ ചില വിര്‍ശനങ്ങളെ അവഗണിച്ചും കോണ്‍ഗ്രസ് ഹൈക്കമാൻഡ്‌ കേരളത്തിലെ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് നിയോഗിച്ചതും.

കണ്ണൂരില്‍ കോണ്‍ഗ്രസിനെതിരേയുള്ള എല്ലാ എതിര്‍പ്പുകളെയും പൊരുതിത്തോല്‍പ്പിച്ച നേതാവാണ് കെ. സുധാകരന്‍. 1970-കളില്‍ കണ്ണൂരിലെ കോണ്‍ഗ്രസിന് എന്‍. രാമകൃഷ്ണന്‍ നല്‍കിയ അതേ ഊര്‍ജമായിരുന്നു സുധാകരന്റെ വരവിലും. സി.പിഎമ്മിലും സി.പിഎമ്മിന് പുറത്തും എങ്ങനെയാണോ എം.വി. രാഘവന്‍ എന്ന നേതാവിന്റെ ശക്തി അതുതന്നെയായിരുന്നു സുധാകരനും. സി.പി.എമ്മില്‍നിന്ന് പുറത്തായ എം.വി. രാഘവനും കോണ്‍ഗ്രസിന്റെ കരുത്തനായ കെ. സുധാകരനും തമ്മിലുള്ള കൂട്ടുകെട്ട് തൊണ്ണൂറുകളില്‍ യു.ഡി.എഫിന് ആവേശവും കരുത്തുമായി എന്നുപറയേണ്ടതില്ല.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ ജനതാപാര്‍ട്ടിയിലൂടെ കോണ്‍ഗ്രസില്‍ എത്തിയ കെ. സുധാകരന്റെ മുഖമുദ്ര എന്നും പോരാട്ടം തന്നെയായിരുന്നു. കണ്ണൂരില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം അവരുടെ ഇഷ്ടങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയായിരുന്നു അദ്ദേഹം പൊരുതിയത്. സംഘടനാതിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ അക്കാലത്തെ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഒന്നിച്ച് സുധാകരന്റെ നേതൃത്വത്തിലേക്കുള്ള വരവിലെ എതിര്‍ത്തെങ്കിലും ഒറ്റയ്ക്ക്‌ നിന്നുകൊണ്ട് സുധാകരന്‍ വിജയിച്ചു. അങ്ങനെ സംഘടനാതിരഞ്ഞെടുപ്പിലൂടെ തന്നെയാണ് സുധാകരന്‍ കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റാവുന്നത്.

കണ്ണൂരില്‍ കോണ്‍ഗ്രസില്‍ കെ. സുധാകരന്റെ വരവ് ഏറെ വേവലാതി ഉണ്ടാക്കിയത് സി.പി.എമ്മിന് തന്നെയാണ്. പാര്‍ട്ടിയുടെ ’തലസ്ഥാന’ ജില്ലയായ കണ്ണൂരില്‍ സുധാകരന്‍ ഉണ്ടാക്കുന്ന തേരോട്ടം തങ്ങള്‍ക്ക് വെല്ലുവിളിയാവുമെന്ന് കരുതിയ എതിരാളികള്‍ അദ്ദേഹത്തെ തളച്ചിടാന്‍ ആവനാഴിയില്‍ അമ്പുകളൊരുക്കി. ഒന്നുരണ്ട് വധശ്രമം. ബോംബേറ്‌. എങ്കിലും ഭയന്നുപോകാതെ സുധാകരന്‍ മുന്നോട്ടുപോയി. ഡി.സി.സി. പ്രസിഡന്റും എം.എല്‍.എ.യും. എം.പി.യും മന്ത്രിയുമായി. ഇപ്പോള്‍ കെ.പി.സി.സി. പ്രസിഡന്റുമായിരിക്കുകയാണ്.

1987 വരെ പലതവണയായി തിരഞ്ഞെടുപ്പില്‍ സുധാകരനെ എതിരാളികള്‍ തോല്‍പ്പിച്ചു. 1991-ല്‍ എടക്കാട് മണ്ഡലത്തിൽ സുധാകരന്‍ വിജയിക്കാനാണ് മത്സരിച്ചത്. എതിരാളി സി.പി.എമ്മിലെ കരുത്തനും സി.ഐ.ടി.യു.വിന്റെ നേതാവുമായ ഒ. ഭരതന്‍. പക്ഷേ, ആ മത്സരത്തില്‍ അദ്ദേഹം കേവലം 237 വോട്ടിന് പരാജയപ്പെട്ടു. ഒ. ഭരതന്റെ വിജയം യഥാര്‍ഥ വിജയമല്ലെന്നും കള്ളവോട്ടിന്റെ വിജയമാണെന്നു അദ്ദേഹം പറഞ്ഞു. അത് തെളിയിക്കുകയും ചെയ്തു സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ കള്ളവോട്ടുകളെ എതിര്‍ത്ത് ‌കോടതി കയറി വിജയം തന്റെതാക്കി മാറ്റുകയായിരുന്നു സുധാകരന്‍. എടക്കാട് മണ്ഡലത്തില്‍ അദ്ദേഹത്തെ വിജയിയായി ഹൈക്കോടതി പ്രഖ്യാപിച്ചു. പിന്നീട് സുപ്രീംകോടതിയിൽനിന്ന്‌ ഒ. ഭരതന് അനുകൂലമായ വിധിയുണ്ടായെങ്കിലും അപ്പോഴേക്കും നിയമസഭയുടെ കാലാവധി കഴിഞ്ഞിരുന്നു.

സാധാരണ പ്രവര്‍ത്തകരുമായുള്ള അടുത്ത ബന്ധമാണ് സുധാകരന്റെ ബലം. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ എല്ലാം വലിയ ഭൂരിപക്ഷത്തിലായിരുന്നു. തോല്‍വിയാണെങ്കില്‍ പലപ്പോഴും ചെറിയ വോട്ടിനും. കണ്ണൂരില്‍ രണ്ടുതവണയും അദ്ദേഹം വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സുധാകരന്റെ നേതൃപാടവം കണ്ടുകൊണ്ടാണ് അദ്ദേഹത്തെ നിയമസഭയില്‍നിന്ന്‌ മാറ്റി ലോക്‌സഭയിലേക്കയയ്ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. 2009-ല്‍ നിയമസഭാ കാലാവധി രണ്ടുവര്‍ഷം ബാക്കിനില്‍ക്കെ ലോക്‌സഭയിലേക്ക് മത്സരിച്ചു. കണ്ണൂരില്‍ അന്ന്‌ സി.പി.എമ്മിലെ എ.പി. അബ്ദുള്ളക്കുട്ടി നേടിയ ഭൂരിപക്ഷത്തെ മറികടന്ന് 45000-ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുധാകരന്‍ വിജയിച്ചത്. അബ്ദുള്ളക്കുട്ടിയെ പിന്നീട് കോണ്‍ഗ്രസില്‍ എത്തിച്ച്‌ സി.പി.എമ്മിനെതിരേ മത്സരിപ്പിച്ച് വിജയിപ്പിക്കാനും സുധാകരനായി. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേവലം ആറായിരത്തോളം വോട്ടിന് കണ്ണൂരില്‍ സുധാകരന്‍ പരാജയപ്പെട്ടെങ്കിലും 2019-ല്‍ അരലക്ഷത്തിലധികം വോട്ടിന് പി.കെ. ശ്രീമതിയെ അടിയറവ് പറയിച്ചിച്ചു അദ്ദേഹം.

പുതിയ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ വലിയ വെല്ലുവിളിയാണ് സുധാകരന്റെ മുന്നില്‍. സി.പി.എമ്മിന്റെ മുന്നേറ്റത്തെ തടഞ്ഞുനിര്‍ത്തുന്നതോടൊപ്പം കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട് ഐക്യത്തോടെ മുന്നോട്ടുപോാകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയില്‍ അച്ചടക്കം കൊണ്ടുവരും. പാര്‍ട്ടിക്ക് ഒരു സെമികേഡര്‍ സ്വഭാവം കൊണ്ടുവരും. ബൂത്തുതലംമുതല്‍ അഴിച്ചുപണി ഉണ്ടാവും. പുതിയ ഡി.സി.സി. നേതൃത്വം ഉണ്ടാവും. ഡി.സി.സി. പ്രസിഡന്റിനെ ഉത്തരവാദപ്പെട്ട അഞ്ചംഗകമ്മിറ്റി ആയിരിക്കും നിര്‍ദേശിക്കുക.

കേരളത്തില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ബി.ജെ.പി.യെയും സി.പി.എമ്മിനയെും ഒരുപോലെ നേരിടണം. ഈ വലിയ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്ന് സുധാകരന്‍ പറയുന്നു. ആദ്യം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ എന്താണെന്ന് കൃത്യമായി പഠിച്ച്‌ പരിഹാരം കാണുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു. എല്ലാ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചചെയ്തശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ.

കോണ്‍ഗ്രസിന് പരാജയം ഉണ്ടായി എന്നത് സത്യം. പക്ഷേ, കോണ്‍ഗ്രസിനെ ആര്‍ക്കും എഴുതിത്തള്ളാന്‍ പറ്റില്ല. കോണ്‍ഗ്രസ് ഇവിടെ നിലനില്‍ക്കണം എന്നത് കോണ്‍ഗ്രസ് അല്ലാത്തവരും ആഗ്രഹിക്കുന്നു. ദേശീയതയ്ക്കും മതേതരത്ത്വത്തിനും വേണ്ടി കോണ്‍ഗ്രസ് രാജ്യത്ത് ആവശ്യമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി കരുത്തോടെ ഫീനിക്‌സ്‌ പക്ഷിയെപ്പോലെ പറന്നുയരും. ഇപ്പോഴും വളരെ ചെറിയ മാര്‍ജിന്‍ മാത്രമാണ് യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍. അതിന് കാരണം തന്നെ കോവിഡ് സൃഷ്ടിച്ച ചില അനുകൂല സാഹചര്യം ഭരണമുന്നണിക്കുണ്ടായതുകൊണ്ടാണ്. അത് മറികടക്കാന്‍ എളുപ്പം കഴിയും- അദ്ദേഹം പറയുന്നു.