കൊച്ചി: മൂല്യനിർണയത്തിന് ഇക്കുറി അധിക ജോലികൾ വന്നതിനാൽ വേതനവും ആനുപാതികമായി വർധിപ്പിക്കണമെന്ന ആവശ്യവുമായി അധ്യാപകർ. ഈ അധ്യയന വർഷത്തെ എസ്.എസ്.എൽസി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം അവസാന ഘട്ടത്തിലേക്കെത്തുകയാണ്.

കോവിഡിനിടെ നടത്തിയ പരീക്ഷ ആയതിനാൽ ഇരട്ടി ചോദ്യങ്ങൾ നൽകിയാണ് പരീക്ഷ നടത്തിയത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായാണ് മൂല്യനിർണയവും നടക്കുന്നത്. എഴുതിയ എല്ലാ ഉത്തരങ്ങളും പരിശോധിച്ച് മാർക്ക് നൽകുന്നതാണ് ഇത്തവണത്തെ രീതി.

ഉത്തരക്കടലാസ് പൂർണമായി പരിശോധിച്ച് തീരും മുമ്പേ പല വിദ്യാർഥികൾക്കും പരമാവധി മാർക്ക് ലഭിക്കും. എന്നാലും ആ പേപ്പറിന്റെ മൂല്യനിർണയം അവസാനിപ്പിക്കാനാവില്ല. എഴുതിയ എല്ലാ ഉത്തരങ്ങളും പരിശോധിച്ച്‌ മാർക്ക് നൽകണം. ഓരോ ഉത്തരക്കടലാസും പൂർണമായി മൂല്യനിർണയം നടത്തി ആകെ മാർക്കും (Grand Total), പരീക്ഷാർഥിക്ക് നൽകുന്ന മാർക്കും (Score Awarded) പ്രത്യേകം രേഖപ്പെടുത്തണം എന്നാണ് ചട്ടം.

ഈ രീതിയിൽ മൂല്യനിർണയം നടത്തുന്നതിനാൽ പലപ്പോഴും നിശ്ചിത സമയത്തിനുള്ളിൽ മൂല്യനിർണയം പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ പറഞ്ഞു.

ലോക്ഡൗൺകാലത്ത് ഏറെ ബുദ്ധിമുട്ടിയാണ് അധ്യാപകർ ക്യാമ്പുകളിലെത്തുന്നത്. ഓരോ പേപ്പറിനും ലഭിക്കുന്ന മൂല്യനിർണയ വേതനത്തിൽ ഒരു വർധനയും ഉണ്ടായിട്ടില്ല.

വർധിച്ച ജോലിക്ക് ആനുപാതികമായി മൂല്യനിർണയ വേതനത്തിലും സർക്കാർ ഇടപെട്ട്, വർധന വരുത്തണമെന്നാണ് ആവശ്യം. ‌ഇതേ ആവശ്യമുന്നയിച്ച് പ്രൈവറ്റ് സ്കൂൾ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു.