കൊച്ചി: യുദ്ധമുഖത്ത് പടയാളികളായിപ്പോലും കുട്ടികളെ ഉപയോഗിക്കുന്നുവെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ലോക ബാലവേല വിരുദ്ധ ദിനമായ ശനിയാഴ്ച ‘മാതൃഭൂമി സീഡ്’, എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച വെബിനാറിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

രക്ഷിതാക്കളുടെ അറിവില്ലായ്മയും നിസ്സഹായതയുമാണ് ബാലവേലയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. നിയമം കർശനമായി നടപ്പാക്കുന്നതോടൊപ്പം ബോധവത്കരണവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

‘കർശന നിയമം നിലനിൽക്കുമ്പോഴും ബാലവേല വർധിക്കുന്നതിന് കാരണം എന്താണ്’ എന്ന തൃശ്ശൂർ ഇരിങ്ങാലക്കുട ഭാരതിയ വിദ്യാഭവൻ വിദ്യാമന്ദിറിലെ നേഹയുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് വിശദീകരിച്ചത്.

‘ഭക്ഷണം കുട്ടികളുടെ മൗലികാവകാശമാക്കാൻ നിയമമുണ്ടോ’ എന്നതടക്കമുള്ള ചോദ്യം ഉന്നയിച്ച കുട്ടികളോടൊപ്പം ചെലവഴിക്കാനായത് തനിക്കും വലിയ പാഠമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം പത്താനാപുരം സെയ്‌ന്റ് സ്റ്റീഫൻസ് എച്ച്.എസിലെ എ. പ്രണവാണ് ഈ ചോദ്യം ഉന്നയിച്ചത്. മൗലികാവകാശം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം പൗരന്റെ ഭക്ഷണവും ഉറപ്പുവരുത്തുന്നുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിശദീകരിച്ചു.

ബാലവേല കുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരിയെയാണ് മായ്‌ച്ചുകളയുന്നതെന്ന് ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്ററും ലീഗൽ ഡിപ്പാർട്ടുമെന്റ് മേധാവിയുമായ പി.എം. ശബ്‌നം പറഞ്ഞു.

ബാലവേല ഇല്ലാതാക്കാൻ ഒരോരുത്തരും അവരവരുടെ പങ്ക് വഹിക്കണമെന്ന് എറണാകുളം ജില്ല കോടതി ജഡ്ജി സി.എസ്. സുധ അഭിപ്രായപ്പെട്ടു.

കോവിഡിനെ നേരിടുന്നതിൽ കേരളം ജസ്റ്റിസ് ദേവൻ രാമചന്ദ്രനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ‘മാതൃഭൂമി’ എഡിറ്റർ മനോജ് കെ. ദാസ് സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. കോവിഡ് രോഗികളുടെ താങ്ങനാകാത്ത ചികിത്സാച്ചെലവ് കാരണം തങ്ങളുടെ ഉറ്റവർ മരിക്കുന്നതു പോലും ഭേദമായിരിക്കുമല്ലോ എന്ന് സാധരണക്കാർ ചിന്തിച്ചുപോയ സമയത്താണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിൽ ഇടപെട്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ പി.എം. സുരേഷ് നന്ദി പറഞ്ഞു. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി (കെൽസ) മെമ്പർ സെക്രട്ടറി നിസാർ അഹമ്മദും വെബിനാറിൽ പങ്കെടുത്തു.

കുട്ടികളും സ്ത്രികളും അടക്കമുള്ളവർക്ക് സൗജന്യമായി നിയമസഹായം ലഭ്യമാക്കുന്ന നിയമപരമായ സംവിധാനമാണ് ലീഗൽ സർവീസസ് അതോറിറ്റി.