കൊച്ചി: ലക്ഷദ്വീപിൽ വീട്ടിലെ ഭക്ഷണത്തിൽ മാംസം സാധാരണമായതിനാലാണ് സ്കൂൾ ഉച്ചഭക്ഷണത്തിൽനിന്ന് അത്‌ നീക്കി ഉണക്കപ്പഴങ്ങൾ ഉൾപ്പെടുത്തിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ. വീട്ടിലെ അതേ ഭക്ഷണം കൊടുക്കുക എന്നതല്ല സ്കൂളിലെ ഉച്ചഭക്ഷണത്തിന്റെ ലക്ഷ്യം. പഴങ്ങൾ വളരെ കുറച്ചുമാത്രമാണ് ദ്വീപ് നിവാസികൾ കഴിക്കുന്നത്.

സൂക്ഷിക്കാനുള്ള സൗകര്യത്തിന്റെ കുറവും ലഭ്യതയ്ക്കുള്ള ബുദ്ധിമുട്ടും മാംസം ഒഴിവാക്കാം എന്ന തീരുമാനത്തിലേക്ക് നയിച്ചു. ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയത് യൂണിയൻ ടെറിറ്ററി ലെവൽ സ്റ്റിയറിങ് കം മോണിറ്ററിങ് കമ്മിറ്റിയാണ്. ഈ യോഗത്തിൽ അഡ്മിനിസ്‌ട്രേറ്റർ പങ്കെടുത്തിട്ടില്ല. കോഴിയിറച്ചിക്ക് പകരമായി മീനും മുട്ടയും അളവ് കൂട്ടി. മാംസം ഒഴിവാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേചെയ്തത് ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ അങ്കിത് കുമാറിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോൺസൽ എസ്. മനു ആണ് വിശദീകരണം ഫയൽ ചെയ്തത്.

കവരത്തി സ്വദേശിയും അഭിഭാഷകനുമായ അജ്മൽ അഹമ്മദ് ഫയൽ ചെയ്ത പൊതുതാത്‌പര്യ ഹർജിയിലായിരുന്നു സ്റ്റേ. ഡെയറി ഫാമുകൾ 2019-20 സാമ്പത്തിക വർഷം ഉണ്ടാക്കിയ നഷ്ടം 94.87 ലക്ഷം രൂപയായിരുന്നു. 2020-21 ൽ 92.58 ലക്ഷമായി. ഇതോടെയാണ് പൂട്ടാൻ തീരുമാനിച്ചത്. താത്‌കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ബേപ്പൂരിനേക്കാൾ ദൂരംകുറവായതിനാലാണ് മംഗളൂരു തുറമുഖത്തിൽ നിന്ന് കപ്പൽ സർവീസുകൾ കൂട്ടാൻ തീരുമാനിച്ചത്. മദ്യനിരോധനം നീക്കാൻ തീരുമാനിച്ചിരിക്കുകയാണെന്ന ആരോപണവും തെറ്റാണ്. മൂന്ന് ബീച്ച് റിസോർട്ടുകൾക്ക് മദ്യം വിതരണത്തിന് ലൈസൻസ് നൽകിയത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണെന്നും വിശദീകരണത്തിലുണ്ട്.