കഴക്കൂട്ടം: കേരള സർവകലാശാലയുടെ സുവോളജി വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറുമായി അഭിമുഖത്തിനെത്തിയ യുട്യൂബ് ചാനൽ പ്രവർത്തകരെ വകുപ്പു മേധാവി ഇറക്കിവിട്ടു. അധ്യാപകർ തമ്മിൽ വാക്കേറ്റവുമുണ്ടായി.

പരിസ്ഥിതിഗവേഷകനും പ്രചാരകനുംകൂടിയായ അസിസ്റ്റന്റ് പ്രൊഫസർ സൈനുദീൻ പട്ടാഴിയുമായി അഭിമുഖത്തിനാണ് വ്യാഴാഴ്ച കോതമംഗലത്തുനിന്ന് യൂജെൻ 369 എന്ന യുട്യൂബ് ചാനലിനുവേണ്ടി എൻ.എം.ഫൈസി, ബിജു ജമാലുദീൻ, ഫയാസ് കമർ എന്നിവർ കാര്യവട്ടം കാമ്പസിൽ വന്നത്. സുവോളജി വകുപ്പിലെ പട്ടാഴിയുടെ ചേംബറിൽ പത്തുമണിക്ക് അഭിമുഖം തുടങ്ങി. മുക്കാൽ മണിക്കൂർ കഴിഞ്ഞപ്പോൾ വകുപ്പു മേധാവി ജി.പ്രസാദും ഒരു അസിസ്റ്റന്റ് പ്രൊഫസറും വന്നു. ആരോടു ചോദിച്ചിട്ടാണ് നിങ്ങളിവിടെ കയറിയതെന്ന് ചാനൽകാരോടു ചോദിച്ചു. താൻ പറഞ്ഞിട്ടാണ് അവർ വന്നതെന്നും താൻ ചെയ്തതു തെറ്റാണെങ്കിൽ അവരോടു കയർക്കുന്നതിനു പകരം തന്റെ പേരിൽ സർവകലാശാലയ്ക്കു പരാതിയയയ്ക്കണമെന്നും പട്ടാഴി മറുപടി പറഞ്ഞു. തുടർന്ന് അധ്യാപകർ തമ്മിൽ വാക്കേറ്റമുണ്ടായി.

അത്‌ മൊബൈൽ ഫോണിൽ ചിത്രീകരിക്കവേ, ഒരാൾ ഫോൺ തട്ടിയെടുക്കുകയും ചിത്രീകരിക്കപ്പെട്ടതിൽ ഒരു ഭാഗം ഒഴിവാക്കുകയും ചെയ്തതായി ചാനൽ പ്രവർത്തകർ പറയുന്നു. ചാനൽ പ്രവർത്തകർ കഴക്കൂട്ടം പോലീസിൽ പരാതി നൽകി.

തികച്ചും ഗുണ്ടായിസമാണ് എതിർപക്ഷത്തുനിന്നുണ്ടായതെന്ന് പട്ടാഴി ആരോപിച്ചു. സർവകലാശാലയെയോ സുവോളജി വകുപ്പിനെയോ സംബന്ധിച്ചൊന്നും ചാനൽ പ്രവർത്തകർ ചിത്രീകരിച്ചിട്ടില്ല. അവരോട് ആക്രോശിക്കുകയും അവരെ പിടിച്ചുതള്ളുകയും ചെയ്തപ്പോൾ സെക്യൂരിറ്റി ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്. തന്നെയും ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും പട്ടാഴി പറഞ്ഞു.

ഔദ്യോഗിക ആവശ്യത്തിനേ അനുവാദം ചോദിക്കേണ്ടതുള്ളൂ. വ്യക്തിപരമായ കാര്യത്തിന് അതു വേണ്ട. പട്ടാഴി ഗ്രഹം, വർണമഴ തുടങ്ങിയ കാര്യങ്ങളാണ് അഭിമുഖത്തിൽ വിഷയമായതെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തെപ്പറ്റി ചോദിച്ചപ്പോൾ, തനിക്കു പത്രപ്രവർത്തകരോടു പറയേണ്ട കാര്യമില്ലെന്നും സർവകലാശാലയ്ക്കേ റിപ്പോർട്ട് ചെയ്യേണ്ടതുള്ളൂ എന്നുമാണ് വകുപ്പുമേധാവി പ്രതികരിച്ചത്.