തിരുവനന്തപുരം: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിന്റെ അന്വേഷണത്തിലും തുടർനടപടികളിലും വീഴ്ചവരുത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരേയും നടപടിയെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ ജഡ്ജി പി.കെ. ഹനീഫ കമ്മിഷൻ റിപ്പോർട്ടിലെ തുടർനടപടികളുടെ ഭാഗമായാണ് മന്ത്രിസഭാതീരുമാനം. ഈ ഭേദഗതിയോടെ റിപ്പോർട്ട് മന്ത്രിസഭ ആംഗീകരിച്ചു.
അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഡിവൈ.എസ്.പി. റാങ്ക് മുതൽ താഴേക്കുള്ള ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശം നൽകും. കോടതിയിൽ ആദ്യം ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്കും വീഴ്ചസംഭവിച്ചതായി കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നു. എസ്.ഐ.ക്കെതിരേമാത്രം നടപടി സ്വീകരിച്ചതുകൊണ്ടു പെൺകുട്ടികൾക്ക് നീതി ലഭിക്കില്ലെന്നും കേസന്വേഷണത്തിൽ വീഴ്ചവരുത്തിയ എല്ലാ ഉദ്യോഗസ്ഥർക്കെതിരേയും നടപടി സ്വീകരിക്കണമെന്നും മന്ത്രിമാരിൽ ചിലർ ആവശ്യപ്പെട്ടതനുസരിച്ചാണ് തീരുമാനം.
2017 ജനുവരി 13-നാണ് 13 വയസ്സുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം നടക്കുന്നതിനിടെ ഒൻപതുവയസ്സുള്ള സഹോദരിയെ മാർച്ച് നാലിന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അഞ്ചുപ്രതികളിൽ നാലുപേരെയും തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. കേസ് അട്ടിമറിച്ചെന്ന് ആരോപണമുയർന്നതോടെയാണ് ജുഡീഷ്യൽ അന്വേഷണം നടത്തിയത്.