കൊച്ചി: അർധരാത്രി കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നടത്തിയ മിന്നൽ റെയ്ഡിന് വഴി വെച്ചത് സംഗീത പരിപാടി. വിദേശിയായ സംഗീതജ്ഞൻ നയിക്കുന്ന പരിപാടി 10-ന് നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി എത്തിയ ചിലർ പല ഹോട്ടലുകളിലുമായി റേവ് പാർട്ടി നടത്താൻ സാധ്യതയുണ്ടെന്നുമായിരുന്നു രഹസ്യ വിവരം. തിരഞ്ഞെടുപ്പിനിടയിൽ വന്ന ഈ സൂചന വെച്ച് നടപടിയെടുക്കാൻ പോലീസിന് സാധിച്ചില്ല.

സംഭവം അറിഞ്ഞ എക്സൈസ് ഇതിനെ കുറിച്ച് അന്വേഷിക്കുകയും കസ്റ്റംസുമായി ചേർന്ന് 10-ന് തന്നെ റെയ്ഡ് നടത്തുകയുമായിരുന്നു. പോലീസിനെ അറിയിക്കാതെയായിരുന്നു ഈ നീക്കം.

പാർട്ടിക്കായി വലിയ അളവിൽ സിന്തറ്റിക് ലഹരി കൊച്ചിയിലേക്ക് എത്തുമെന്നായിരുന്നു വിവരം. എന്നാൽ പിടികൂടിയത് കുറഞ്ഞ അളവിൽ എം.ഡി.എം.എ.യും കഞ്ചാവും മാത്രമായിരുന്നു.

തിരഞ്ഞെടുപ്പിനു മുമ്പ് എക്സൈസ് കൊച്ചിയിലെ ആറ് ആഡംബര ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നെങ്കിലും മയക്കുമരുന്ന് കണ്ടെത്താനായില്ല. പാർട്ടി നടക്കുന്ന ഇടങ്ങളിൽ റെയ്ഡ് നടത്തിയിട്ട് കാര്യമില്ലെന്ന് ഇതോടെ എക്സൈസ് തിരിച്ചറിഞ്ഞു. മുറികളിൽ വെച്ച് ലഹരി ഉപയോഗിച്ച ശേഷം പാർട്ടി നടക്കുന്നയിടത്തേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇതിനാൽത്തന്നെ ശനിയാഴ്ചത്തെ റെയ്ഡിൽ ഹോട്ടലുകളിലെ മുറികളിലടക്കം എക്സൈസ് അരിച്ചു പെറുക്കി.

യാതൊരു പരിചയവും ഇല്ലാത്തവരാണ് റേവ് പാർട്ടികളിൽ വന്നു ചേരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. പാർട്ടി നടത്താൻ ഉദ്ദേശിക്കുന്നവർ മുമ്പ് പാർട്ടി നടത്തിയിട്ടുള്ള സംഘാടകരിൽനിന്ന് ഉപയോക്താക്കളുടെ വിവരങ്ങൾ വാങ്ങി ഫോണിൽ ബന്ധപ്പെടുകയാണ് ചെയ്യുന്നത്.

ലഹരിമരുന്ന് എത്തിച്ചത് പയസ്

കൊച്ചി: ആഡംബര ഹോട്ടലിൽ നടന്ന നിശാ പാർട്ടിക്കാവശ്യമായ സിന്തറ്റിക് ലഹരിമരുന്ന് പയസ് എന്ന ആളാണ് എത്തിച്ചതെന്നാണ്‌ വിവരം. എന്നാൽ ഇയാളുടെ പേരടക്കം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യണം എന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് പയസ് എന്നാണ് പ്രതികൾ നൽകിയിരിക്കുന്ന മൊഴി.

നിശാ പാർട്ടികൾ സംഘടിപ്പിച്ച മൂന്ന് ഹോട്ടലുകളിലെയും ജീവനക്കാരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തി. സംഭവവുമായി ജീവനക്കാർക്ക് ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.

ഹോട്ടൽ ജീവനക്കാർ നൽകിയ മൊഴിയിലെ കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനായി സി.സി.ടി.വി. ദൃശ്യങ്ങൾ എക്സൈസ് പരിശോധിക്കും. പാർട്ടിയിൽ പങ്കെടുത്തവരുടെയും മൊഴി രേഖപ്പെടുത്തും. ഇവരുടെ പട്ടിക എക്സൈസ് തയ്യാറാക്കിയിട്ടുണ്ട്.