കണ്ണൂർ: മുഴുവൻ കോച്ചുകളും സിറ്റിങ് സീറ്റുള്ള അന്ത്യോദയ എക്സ്പ്രസ് മേയ് ഒന്നുമുതൽ ഓടും. കോവിഡ് കാരണം ഒരുവർഷമായി ഓടാതിരുന്ന തീവണ്ടി റിസർവേഷൻ സപെഷലായിട്ടാണ് ഓടുക. ഇനി ഓടാൻ ബാക്കിയുള്ളത് മംഗളുരു-ചെന്നൈ-മംഗളുരു എഗ്‌മൂർ എക്സ്പ്രസും മംഗളുരു-കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്‌പ്രസുമാണ്. മംഗളുരു-ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്സ്പ്രസ് ഏപ്രിൽ എട്ടുമുതലും മംഗളൂരു വഴിയുള്ള കണ്ണൂർ-ബെംഗളുരു എക്സ്‌പ്രസ് 11 മുതലും ഓടിത്തുടങ്ങി.

അന്ത്യോദയ ആഴ്ചയിൽ രണ്ടുദിവസമാണ് ഓടുക. കൊച്ചുവേളി-മംഗളുരു ജങ്‌ഷൻ അന്ത്യോദയ (06355) ശനി, വ്യാഴം ദിവസങ്ങളിൽ ഓടും. കൊച്ചുവേളിയിൽനിന്ന് രാത്രി 9.25-ന് പുറപ്പെടുന്ന വണ്ടി പിറ്റേന്ന്‌ രാവിലെ 9.20-ന് മംഗളൂരു ജങ്‌ഷനിൽ എത്തും. മേയ് ഒന്നുമുതൽ ഓടിത്തുടങ്ങും.

മംഗളുരു-കൊച്ചുവേളി അന്ത്യോദയ (06356) ഞായർ, വെള്ളി ദിവസങ്ങളിൽ രാത്രി 8.10-ന് മംഗളൂരു ജങ്‌ഷനിൽനിന്ന് പുറപ്പെടും. പിറ്റേന്ന്‌ രാവിലെ എട്ടിന് കൊച്ചുവേളിയിലെത്തും. മേയ് രണ്ടുമുതൽ ഓടും. 16 കോച്ചുകളാണുള്ളത്. സീസൺ ടിക്കറ്റ് അനുവദിക്കില്ല. മംഗളുരു ജങ്‌ഷനും കൊച്ചുവേളിക്കും ഇടയിൽ 10 സ്റ്റോപ്പുകളാണ് ഉള്ളത്.

സ്ഥിരം യാത്രക്കാർ പുറത്തുതന്നെ

എക്സ്പ്രസ് വണ്ടികൾ ഓരോന്നായി ഓടിക്കുമ്പോഴും സ്ഥിരം യാത്രക്കാർ പുറത്തുതന്നെ. ഒരു പാസഞ്ചർപോലും ഓടിക്കാതെ മുഴുവൻ വണ്ടികളും സ്പെഷ്യലായി ഓടുമ്പോൾ സീസൺ ടിക്കറ്റുകാർ മുഴുവൻ പുറത്തായി. ഓൺലൈൻ റിസർവേഷൻ ടിക്കറ്റിന്റെ പരിധി ഒരുമാസം ആറിൽനിന്ന് റെയിൽവേ ഉയർത്താത്തതിനാൽ അത്തരം യാത്രക്കാരും പെരുവഴിയിലായി. ഐ.ആർ.സി.ടി.സി. അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തവർക്ക് 12 ടിക്കറ്റ് കിട്ടും. ഇതുകൊണ്ട് സ്ഥിരം യാത്രക്കാർക്ക് ഒരു ഗുണവുമില്ല. കോവിഡ് കാരണം വരിനിന്ന് ടിക്കറ്റെടുക്കുന്നവരും കുറഞ്ഞു. ഓൺലൈൻ ടിക്കറ്റ് പരിധി ഒരാൾക്ക് 50 വരെ ആക്കണമെന്ന നിർദേശം ദക്ഷിണ റെയിൽവേ നൽകിയെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.