ഇരിട്ടി: ആഹ്ലാദം അലതല്ലിയ അന്തരീക്ഷത്തിൽ ഇരിട്ടി പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ ചടങ്ങുകൾ ഇല്ലാതെയാണ് തിങ്കളാഴ്ച രാവിലെ 11-ന് പാലം ഗതാഗതത്തിന് തുറന്നുകൊടുത്തത്. 1933-ൽ ബ്രിട്ടീഷുകാർ നിർമിച്ച പഴയ പാലത്തിന് പകരം പുതിയ പാലം യാഥാർഥ്യമായി. തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി 2017-ലാണ് പാലം പണിതുടങ്ങിയത്. 144 മീറ്റർ നീളവും 12 മീറ്റർ വീതിയും ഉള്ള ഇരിട്ടി പാലം 48 മീറ്ററിന്റെ മൂന്ന് സ്പാനുകളിലാണ് നിർമിച്ചത്.

സണ്ണി ജോസഫ് എം.എൽ.എ., ഇരിട്ടി നഗരസഭ അധ്യക്ഷ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷ പി.കെ. ബൽക്കീസ്, നഗരസഭ ടൗൺ കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് കുഞ്ഞിക്കണ്ടി, സി.പി.എം. ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ, കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് തോമസ് വർഗീസ്, സി.പി.എം. ഇരിട്ടി ഏരിയ സെക്രട്ടറി പി.പി. അശോകൻ, സി.പി.ഐ. മണ്ഡലം പ്രസിഡന്റ് ബാബുരാജ് പായം, എൻ.സി.പി. നേതാവ് അജയൻ പായം, പി. അശോകൻ എന്നിവരും ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.

2017 ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തിൽ പാലത്തിന്റെ പൈലിങ് ഒഴുകിപ്പോയിരുന്നു. തുടർന്ന് രാജ്യത്തെ നാല്‌ പ്രമുഖ പാലം നിർമാണ വിദഗ്ധർ സ്ഥലം സന്ദർശിച്ച് പൈലുകളുടെ ആഴവും എണ്ണവും വർധിപ്പിച്ചാണ് പണികൾ നടത്തിയത്. 18 സോളാർ വഴിവിളക്കുകളും സ്ഥാപിച്ചു. ഇരിട്ടി ഉൾപ്പെടെ ഏഴ് പുതിയ പാലങ്ങളുമായി 366 കോടി രൂപ ചെലവിലാണ് തലശ്ശേരി-വളവുപാറ റോഡ് നവീകരിക്കുന്നത്.

കെ.എസ്.ടി.പി എക്‌സിക്യുട്ടീവ് എൻജിനീയർ ഷാജി തയ്യിൽ, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ഷീല ചോറൻ, അസിസ്റ്റന്റ് എൻജിനീയർ കെ.വി. സതീശൻ, കൺസൽട്ടൻസി കമ്പനി റസിഡന്റ് എൻജിനീയർ ഇൻ ചാർജ് പി.കെ. ജോയി, ബ്രിഡ്ജസ് എൻജിനീയർ കെ.കെ. രാജേഷ്, ഇ.കെ.കെ. കമ്പനി എംഡി. സച്ചിൻ മുഹമ്മദ്, പ്രോജക്ട് മാനേജർ സുരേഷ്, എൻജിനീയർ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പാലം തുറന്നത്.